01 June, 2016 10:00:51 PM


ഫുട്‌ബോള്‍ വികസനത്തിന് പഞ്ചവല്‍സര സമഗ്ര പദ്ധതി : മുഖ്യമന്ത്രി



തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് പഞ്ചവല്‍സര സമഗ്ര പദ്ധതിയ്ക്ക് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സച്ചിന്‍ ടെണ്ടുല്‍കര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക്‌ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


കേരള ഫുട്‌ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുംവിധം അഞ്ച് വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള 100 ഫുട്‌ബോള്‍ താരങ്ങളെ രൂപപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ജനകീയ കല എന്ന നിലയില്‍ ഫുട്‌ബോളിനുള്ള സ്വീകാര്യതയും പ്രതാപവും വീണ്ടെടുക്കുന്നതിന് ഈ മൂന്ന് പ്രതിഭകളും സഹകരണം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഇളംപ്രായത്തിലുള്ള ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ റെസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. അക്കാദമിയുടെ സാങ്കേതിക സഹായം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടാകണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സച്ചിന്‍ സ്വീകരിച്ചു.  


അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള മറ്റ് 'ഭൗതിക പിന്തുണ സര്‍ക്കാര്‍ നല്‍കും. ഫുട്‌ബോള്‍ പ്രതിഭകളുടെ ലഭ്യതയ്ക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം അക്കാദമികള്‍ സ്ഥാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുന്ന ഗ്രൗണ്ടുകളെ 'സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട്' ഫുട്‌ബോള്‍ കളങ്ങളാക്കി വികസിപ്പിക്കും. നിര്‍ദ്ദിഷ്ട അക്കാദമിയിലേയ്ക്കുള്ള റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സ്‌കൂളുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം തന്നെ അക്കാദമി ടീം വിവിധ മത്സര രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K