11 May, 2021 11:03:19 PM


കൊല്ലം കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചു; അമ്മയും രണ്ടു മക്കളും മരിച്ചു



കൊല്ലം: കുണ്ടറയിൽ ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു . മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടു കുട്ടികളും ഗൃഹനാഥയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആറുവയസുകാരിയായ മൂത്തമകൾ രക്ഷപ്പെട്ടു. വൈകിട്ട് 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.


മൺറോതുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ. എഡ്വേർഡും (അജിത്, 40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ഇവർ കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.


കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രീയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു. രണ്ടു ദിവസങ്ങൾക്കുമുമ്പ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബ്ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.


വർഷ എത്തിയതുമുതൽ ഇരുവരും തമ്മിൽ വഴക്കു നടന്നിരുന്നതായി അയൽക്കാർ പറയുന്നു. സമീപത്തെ രാഷ്ട്രീയ പ്രവർത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിന്റെ ഫോൺനമ്പർ നൽകി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകിട്ട് 4.30-ഓടെ അയൽവാസി ഇവർക്ക് പാല് വാങ്ങിനൽകി. എഡ്വേർഡ് എത്തി പാലുവാങ്ങി അകത്തേക്കുപോയി. 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചുവെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. ശീതളപാനീയത്തിൽ വിഷം ചേർത്ത് നൽകിയതായാണ് സൂചന. മൂത്തമകൾ പാനീയം കുടിക്കാതെ കളയുകയായിരുന്നു.


അലൈൻ, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ മരണം സംഭവിച്ചിരുന്നതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വർഷയും മരിച്ചു. എഡ്വേർഡ് അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വർഷയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലും കുട്ടികളുടെ മൃതദേഹങ്ങൾ കുണ്ടറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുമാണ്.


10 മാസങ്ങൾക്കുമുമ്പാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. നിരന്തരമുള്ള കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നതായി അയൽക്കാരും പറയുന്നു. കുണ്ടറ പോലിസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പുകിട്ടിയതായും സംശയരോഗമാണ് മക്കളെയും ഭാര്യയെയും വിഷംകൊടുത്തുകൊന്ന് എഡ്വേർഡ് ആത്മഹത്യയ്ക്കുശ്രമിച്ചതിനുപിന്നിലെന്നും സൂചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K