08 May, 2021 05:04:43 PM


കൊടകര കുഴൽപ്പണക്കേസ്: അന്വേഷണത്തിന് പുതിയ സംഘം



തൃശൂർ: കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തിന് തൃശൂർ റേഞ്ച് ഡിഐജി എ അക്ബറിന്‍റെ മേൽനോട്ടത്തിൽ പുതിയ സംഘത്തെ നിയോഗിച്ചു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ മൊഴി നൽകിയതിന് പിന്നാലെയാണ് പുതിയ സംഘത്തെ നിയോഗിച്ച് ഡിജിപി ഉത്തരവിട്ടത്. കൂടുതൽ കാര്യക്ഷമമായ അന്വേഷണം ആവശ്യമുള്ളതിനാലാണ് പ്രത്യേക സംഘം രൂപീകരിച്ചതെന്ന് ഡിഐജി എ അക്ബർ പറഞ്ഞു.

കൊടകരയിൽ ദേശീയ പാർട്ടിയുടെ ഫണ്ട് തട്ടിയ സംഭവത്തിൽ നഷ്ടമായത് പരാതിയിൽ പറഞ്ഞ 25 ലക്ഷമല്ല മൂന്നര കോടി രൂപയാണെന്ന് പണം കൊടുത്ത് വിട്ട ധർമ്മരാജൻ തന്നെ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിലെ നിർണായക വെളിപ്പെടുത്തലാണിത്. കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്. കാറിന്‍റെ ഡ്രൈവർ ഷംജീറിന് ഇക്കാര്യം അറിയില്ലെന്നും ധർമ്മരാജന്റെ മൊഴിയിലുണ്ട്. 

കവർച്ചാസംഘത്തെ സഹായിച്ച തൃശ്ശൂരിലെ ഒരു അഭിഭാഷകനെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾക്ക് ബിജെപി ബന്ധമുണ്ടെന്നാണ് സൂചന. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ഇനിയും ചോദ്യം ചെയ്‌തേക്കും. കേസിൽ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെ വീണ്ടും ചോദ്യം ചെയ്യും. പണം കൊണ്ടുവന്നത് കർണാടകയിൽനിന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ കൂടിയാണ് അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചത്. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്പിക്കായിരിക്കും അന്വേഷണ ചുമതല. പുതിയ സംഘം രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K