07 May, 2021 01:50:10 PM


ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ തന്നെ; ലാബ് ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി



കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിൽ സ്റ്റേ ഇല്ല. സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ലാബുകളുടെ ഭാഗം കേൾക്കാതെ സർക്കാർ ഏകപക്ഷീയമായാണ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചത് എന്ന് കാണിച്ച് ലാബ് ഉടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ കേരളത്തില്‍ കോവിഡ് പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്‍റെ നിരക്ക് 500 രൂപയായി തുടരും.


ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്നും കോടതി നിരീക്ഷിച്ചു. മാർക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.


പഞ്ചാബിൽ 450, ഒറീസ 400, മഹാരാഷ്ട്ര 500 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കേരളത്തിൽ ഉണ്ടായിരുന്നത് എന്നും സർക്കാർ പറഞ്ഞു. 65 ലാബുകളിൽ പത്ത് ലാബുകൾ മാത്രമാണ് സർക്കാർ നടപടിയെ എതിർക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ടെസ്റ്റിങ് കിറ്റുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K