06 May, 2021 04:00:12 PM


കെ.എസ്.ആർ.ടി.സി ഇന്നും നാളെയും കൂടുതൽ ദീർഘ ദൂര സർവ്വീസ് നടത്തും



തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ പതിനാറാം തീയതി വരെ സമ്പൂർണ്ണ ലോക് ഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് (വ്യാഴം) രാത്രി മുതൽ നാളെ (വെള്ളി) രാത്രി വരെ പരമാവധി ബസുകൾ സർവ്വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട്. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെനിന്നും സർവീസ് നടത്തുമെന്നും സിഎംഡി അറിയിച്ചു.


ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസമാരെ അറിയിച്ചാൽ ആവശ്യമുള്ള സർവ്വീസുകൾ നടത്തും . അല്ലെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും അതിനുള്ള സജീകരണം ഒരുക്കും. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ എല്ലാ യൂണിറ്റ് ഓഫീസർമാരും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ യാത്രക്കാരുടെ തിരക്കിനനുസരിച്ച് പരാതിരഹിതമായി കൂടുതൽ സർവീസുകൾ നടത്തണമെന്ന് സിഎംഡി നിർദ്ദേശവും നൽകി.

കൺട്രോൾ റൂം നമ്പർ 9447071021, 0471 2463799



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K