29 May, 2016 10:46:57 PM


യുവ കന്യാസ്‌ത്രീ ദുരൂഹ സാഹചര്യത്തില്‍ മഠത്തില്‍ മരിച്ച നിലയില്‍

കാസര്‍കോഡ് : കാഞ്ഞങ്ങാട്‌ ചിറ്റാരിക്കാല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കടുമേനി മഠത്തില്‍ യുവ കന്യാസ്‌ത്രീയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാലിലെ ദേവസ്യയുടെ മകള്‍ ഡോണ മറിയയെ(26) ആണ്‌ മഠത്തിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പാലക്കാട്ടെ പ്രോവിന്‍ഷ്യല്‍ ഹോമിന്റെ കീഴില്‍ കടുമേനിയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഫാമിലി ഭവനിലെ സിസ്‌റ്ററാണ്‌ ഡോണ മറിയ.


മറ്റൊരു കന്യാസ്ത്രീക്കൊപ്പം മഠത്തിലെ കിടപ്പുമുറിയില്‍ ഡോണ ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഡോണയെ കട്ടിലിനുതാഴെ വീണുകിടക്കുന്നതാണ് കണ്ടത്. ഒപ്പമുണ്ടായിരുന്ന സിസ്റ്ററുടെ നിലവിളി കേട്ട് മറ്റ് കന്യാസ്ത്രീകളും മഠം അധികൃതരും എത്തി ഡോണയെ ഉടന്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന്‌ മൃതദേഹം വിദഗ്‌ധ പോസ്‌റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക്‌ മാറ്റി.


മെയ്‌ 27നാണ്‌ ഡോണ കടുമേനിയിലെ കന്യാസ്‌ത്രീമഠത്തില്‍ ചുമതലയേറ്റത്‌. മഠത്തിലെ മദര്‍ സുപ്പീരിയര്‍ ബല്‍സിയുടെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ്‌ കേസെടുത്തു. വെള്ളരിക്കുണ്ട്‌ സി ഐ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K