29 April, 2021 04:32:32 PM


സൂക്ഷിക്കുക! ഓക്സിജന്‍ വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിച്ചാല്‍ കര്‍ശനനടപടി



കൊച്ചി: ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ്. ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍, തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.


ട്രാഫിക് സിഗ്നലുകള്‍, ജംഗ്ഷനുകള്‍, ടോൾ പ്ലാസകൾ എന്നിവിടങ്ങളില്‍ ഫ്രീ ലെഫ്റ്റ് മാര്‍ഗത്തിന് തടസ്സം സൃഷ്ടിക്കുന്നവരുടെയും നാലുവരിപാതയില്‍ റൈറ്റ് ട്രാക്കില്‍ തടസ്സം സൃഷ്ടിക്കുന്നവരുടെയും മോട്ടോർ വാഹന ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയും സ്വീകരിക്കും. സുഗമമായ ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ പരിശോധന ശക്തമാക്കി. അടിയന്തര സേവനത്തിനായുള്ള വാഹനങ്ങളുടെ തൊട്ടുപുറകെ വാഹനങ്ങൾ പായിക്കുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K