02 April, 2021 07:25:16 PM


ലതിക സുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം




കുമരകം: ലതിക സുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ 'കേരള ഷാഡോ ക്യാബിനറ്റ്', 'വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്' പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. വെള്ളിയാഴ്ച പകൽ 12 കഴിഞ്ഞു കുമ്മനം കുളപ്പുരകടവ് ജംഗ്ഷനിൽ ഇടതു - വലതു മുന്നണികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾക്ക് സമീപം ആയിരുന്നു സംഭവം. ഭവനസന്ദർശനം നടത്തി നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളായ നാല് വിദ്യാർത്ഥികളെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം മർദിക്കുകയായിരുന്നു.


വിദ്യാര്‍ത്ഥികളോട് കയര്‍ത്ത് സംസാരിച്ച സംഘം ഇവരെ തള്ളി താഴെയിട്ടശേഷം കയ്യിലുണ്ടായിരുന്ന നോട്ടീസും മറ്റ് പ്രചരണസാമഗ്രികളും പിടിച്ചു വാങ്ങി. നോട്ടീസുകള്‍ കുറേ കീറികളയുകയും ബാക്കിയുള്ളവ കൊണ്ടുപോകുകയും ചെയ്തു. അര മണിക്കൂറോളം ഒരു ഇടവഴിയിൽ തടഞ്ഞു വെച്ച ശേഷം ഇനി ഈ വഴി കണ്ടാൽ കാലും കൈയും വെട്ടിമാറ്റി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി ഇവരെ സ്ഥലത്തുനിന്നും ഓടിക്കുകയായിരുന്നു. 


വാഹനങ്ങളുടെ നമ്പർ നോട്ട് ചെയ്യാനോ ചിത്രമെടുക്കാനോ സമ്മതിക്കാതെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനും ശ്രമം നടന്നു. ജീവനുംകൊണ്ട് ഓടിയ വിദ്യാര്‍ത്ഥികള്‍ കുളപ്പുരകടവ് പാലത്തിനക്കരെ താഴത്തങ്ങാടിയിൽ എത്തി ഓട്ടോയിൽ കയറും വരെ സംഘം പിന്തുടർന്നു. സംഭവം കോട്ടയം ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം തിരഞ്ഞെടുപ്പ് ഏജന്‍റ് എം.പി. രമേശ് കുമാർ കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  


 ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ 1987 ലേതിന് സമാനമായ മത്സരമാണ് ലതിക സുഭാഷ് കാഴ്ച വയ്ക്കുന്നത്. 'വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്', 'സ്വാഭിമാൻ പാർട്ടി', 'ബധിര മൂക സംഘടന', 'കേരള ഷാഡോ ക്യാബിനറ്റ്', 'വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്', 'കേരള വിശ്വകർമ്മ സഭ' തുടങ്ങി നിരവധി രാഷട്രീയേതര സംഘടനാ പ്രവര്‍ത്തകരും വനിതകളും വിദ്യാര്‍ത്ഥികളും ലതികയ്ക്ക് പിന്തുണ നൽകി പ്രചരണരംഗത്തുണ്ട്.  മറ്റ് പാർട്ടി പ്രവർത്തകരാകട്ടെ രഹസ്യമായി ലതികയ്ക്ക് പിന്തുണ നൽകുന്നുമുണ്ട്.


നിയോജക മണ്ഡലത്തിൽ ഉടനീളം ലതികയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. പരാജയഭീതി പൂണ്ട എതിരാളികളാണ് ഇന്ന് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന് പിന്നിലെന്ന് "വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്‍റ്" ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ജോർജ്ജ് ആൻഡ്രൂസും സെക്രട്ടറി ബേബിച്ചൻ മരുതനാടിയിലും ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K