01 April, 2021 09:17:26 PM


ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സി.ഒ.ടി നസീര്‍; തലശ്ശേരിയില്‍ ആരെ തുണയ്ക്കുമെന്നറിയാതെ ബിജെപി




തലശ്ശേരി: തലശ്ശേരിയിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന നിലപാടുമായി ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സി.ഒ.ടി.നസീർ. പത്രിക തള്ളിയതിനെ തുടർന്ന് തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥി ഇല്ലാതായിരുന്നു. തുടർന്ന് സി.ഒ.ടി.നസീറിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ആ പിന്തുണ തനിക്ക് വേണ്ടെന്നാണ് നസീർ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കാസർകോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചർച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും നസീർ പ്രതികരിച്ചു. തടിയൂരാൻ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്നും അത് വർഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി.


എസ്ഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീർ 2017-ലാണ് സിപിഎം വിട്ടത്. സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിട്ടുണ്ട്. ബിജെപിക്ക് കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.



Share this News Now:
  • Google+
Like(s): 3.7K