30 March, 2021 12:40:54 PM


ചെന്നിത്തല കടൽ തീറെഴുതിക്കൊടുത്ത കരാറിന്‌ കൈപൊക്കിയ എംപി - എം എ ബേബി



ആലപ്പുഴ: പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും അടുപ്പക്കാരനായ ഉദ്യോഗസ്ഥനും ചേർന്ന്‌ നടത്തിയ ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദമെന്ന്‌‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. വിഷയം മന്ത്രിസഭാ യോഗത്തിൽപോലും വന്നിട്ടില്ല. പിന്നെ എങ്ങനെ കരാറാകും. ആഴക്കടൽ  മത്സ്യബന്ധനക്കരാറിൽ മുമ്പ്‌ ഇന്ത്യ ഏർപ്പെട്ടിട്ടുണ്ട്‌. പി വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണിത്‌.


വിദേശ ട്രോളറുകൾക്ക്‌ കടൽ തീറെഴുതിക്കൊടുത്ത കരാറിന്‌ അനുമതി നൽകിയതിനൊപ്പം കൈപൊക്കിയ എംപിയാണ്‌ ചെന്നിത്തല. അന്ന്‌ കൂട്ടുനിന്നയാളാണ്‌ ഇപ്പോൾ കള്ളപ്രചാരണം നടത്തുന്നത്‌.  കണിച്ചുകുളങ്ങര, നീരേറ്റുപുറം, പുറക്കാട്‌ ജങ്‌ഷൻ, പള്ളിപ്പാട്‌, കുറത്തികാട്‌ ജങ്‌ഷൻ എന്നിവിടങ്ങളിലെ  തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ബേബി. 


ആഴക്കടൽ മത്സ്യബന്ധനത്തിന്‌ അനുമതി നൽകേണ്ടത്‌ കേന്ദ്രസർക്കാരാണെന്ന്‌ കേന്ദ്രമന്ത്രിയും പറയുന്നു. ബിഷപ്പുമാരടക്കമുള്ളവർക്ക്‌ ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്‌. എല്ലാവരും ഇതേക്കുറിച്ച്‌ മനസിലാക്കണം. ഗൂഢാലോചനയ്‌ക്കു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വഷണം നടത്തും. വിടുവായത്തം പറയുന്നതിനെ സൂചിപ്പിക്കുന്ന പഴഞ്ചൊല്ലാവുകയാണ്‌ ചെന്നിത്തല. ഇരട്ടവോട്ടിന്റെ കാര്യത്തിലും നുണപ്രചാരണം നടത്തുന്നു.  ഇരട്ടവോട്ട്‌ കണ്ടെത്തിയാൽ നടപടി സ്വീകരിക്കേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌. 


ചെന്നിത്തലയും കെ സുരേന്ദ്രനും അന്നംമുടക്കികളും പെൻഷൻ മുടക്കികളുമായിട്ടാണ്‌ അറിയപ്പെടുക. നാടിന്റെ ദീർഘ വികസനത്തിന് വൻ പദ്ധതികൾ ഏറ്റെടുത്തു നടത്താനുള്ള പ്രായോഗിക സാധ്യതകളാണ് കിഫ്ബിവഴി സർക്കാർ നടപ്പാക്കിയത്. ആ വികസന പ്രവർത്തനങ്ങൾക്കെതിരെ യുഡിഎഫ്‌ നിലപാടെടുക്കുന്നു. കേരളത്തെ കടന്നാക്രമിക്കാൻ ഇതിന്റെ ഭാഗമായി  കേന്ദ്ര സർക്കാരും അന്വഷണ ഏജൻസികളെ തുറന്നു വിടുകയാണ്– ബേബി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K