25 March, 2021 01:39:14 PM


ധർമടത്ത് വെൽഫെയർപാർട്ടി സ്വതന്ത്രസ്ഥാനാര്‍ഥി ഭാഗ്യവതിയെ പിന്തുണയ്ക്കും




കണ്ണൂര്‍: പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഭാഗ്യവതിയെ വെൽഫെയർ പാർട്ടി പിന്തുണയ്ക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വാളയാറിൽ പെൺകുട്ടികളെ പിച്ചിച്ചീന്തിയ കൊലയാളികളെ സംരക്ഷിച്ച കേരള പോലീസിന് ഒത്താശ ചെയ്ത ആഭ്യന്തര മന്ത്രിയാണ് പിണറായി വിജയൻ. പാലത്തായിയിലെ പെൺകുട്ടിയെ പീഢിപ്പിച്ച  ബി.ജെ.പി നേതാവിന് രക്ഷപ്പെടാൻ പഴുതൊരുക്കിയതും ഇടതു സർക്കാരിൻറെ പോലീസാണ്.


വനിതാ നവോത്ഥാനത്തെക്കുറിച്ച് ഗിരിപ്രഭാഷണങ്ങൾ നടത്തുകയും സകല സ്ത്രീ പീഢകരെയും സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ് നയമായിരുന്നു കഴിഞ്ഞ അഞ്ചുവർഷവും ഈ സർക്കാർ വെച്ചു പുലർത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും യാതൊരു സുരക്ഷയുമില്ലാത്ത നാടായി കേരളം മാറി. സ്ത്രീപീഢകർക്ക് സംരക്ഷണമൊരുക്കിയ  സർക്കാരിന്റെ തലവനെതിരെയാണ് വാളയാറിലെ ഭാഗ്യവതി ധർമടത്ത് മത്സരിക്കുന്നതെന്നാണ് വെൽഫെയർ പാർട്ടി മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് വെൽഫെയർ പാർട്ടി ധർമടത്ത് ഭാഗ്യവതിക്ക് പിന്തുണ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.



Share this News Now:
  • Google+
Like(s): 3.7K