23 March, 2021 04:51:48 PM


കോളേജ് തുടങ്ങാന്‍ സ്പീക്കര്‍ ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി; സ്വപ്‌നയുടെ മൊഴി പുറത്ത്



കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്‌നയുടെ മൊഴി പുറത്ത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സ്വപ്‌നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്‍റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറയുന്നു.


ഈ കൂടിക്കാഴ്ചയില്‍ ഭൂമി അനുവദിക്കാന്‍ വാക്കാല്‍ ധാരണയായെന്നും പിന്നീട് ഈ ആവശ്യത്തിനായി യു.എ.ഇ സന്ദര്‍ശിച്ച്‌ മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. പൊന്നാനി സ്വദേശി ലസീറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് മിഡില്‍ ഈസ്റ്റ് കോളേജ്. തിരുവനന്തപുരം സ്വദേശിയായ ഹിരണ്‍ എന്നയാള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ശ്രീരാമകൃഷ്ണനും ഇതില്‍ നിക്ഷേപമുള്ളതായി മൊഴിയിലുണ്ട്.


ഈ കോളേജിന്‍റെ വിവിധ ശാഖകള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതിയെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. നേരത്തെ തന്നെ ശ്രീരാമകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇ.ഡി അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K