02 March, 2021 07:58:57 PM


കോട്ടയം ജില്ലയില്‍ 1582007 വോട്ടര്‍മാർ: 2406 ബൂത്തുകൾ; 14437 പോളിംഗ് ഉദ്യോഗസ്ഥർ



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളും  കോവിഡ് പ്രതിരോധ മുന്‍കരുതലുകളും പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് ജില്ലാ കളക്ടർ അഞ്ജന വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വോട്ടര്‍മാര്‍


ഫെബ്രുവരി 28 വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍  1582007 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 772548 പേര്‍ പുരുഷന്‍മാരും 809449 പേര്‍ സ്ത്രീകളുമാണ്.  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട പത്തു വോട്ടര്‍മാരുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്ന നടപടികള്‍ ഇപ്പോഴും തുടരുകയാണ്.


ഉദ്യോഗസ്ഥരുടെ പരിശീലനം

പോളിംഗ് ജോലിക്ക് മാത്രം ജില്ലയില്‍ ഏകദേശം 14437 ജീവനക്കാരെയാണ് നിയോഗിക്കുന്നത്. 104 ബാച്ചുകളിലായി 5772 പേരുടെ ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയാക്കി. ആദ്യ ഘട്ട റാന്‍ഡമൈസേഷനു ശേഷം പരിശീലനം പുനരാരംഭിക്കും.


വോട്ടിംഗ് യന്ത്രങ്ങള്‍


തിരഞ്ഞെടുപ്പില്‍  ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധനയും മോക് പോളും പൂര്‍ത്തിയായി. ആകെ  3456 ബാലറ്റ് യൂണിറ്റുകളും 3157 കണ്‍ട്രോള്‍ യൂണിറ്റുകളും 3406 വി.വി പാറ്റ് മെഷീനുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. റിസര്‍വ്വും പരിശീലനത്തിന് വേണ്ടവയും ഉള്‍പ്പെടെ ആവശ്യത്തിന് മെഷീനുകള്‍ ജില്ലയിലുണ്ട്.


ബൂത്തുകള്‍

ജില്ലയില്‍ ആകെ 2406 പോളിംഗ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്. ഇതില്‍ 842 ബൂത്തുകള്‍ അധികമായി ക്രമീകരിച്ച ഓക്സിലയറി ബൂത്തുകളാണ്. ഇതില്‍തന്നെ 59 ബൂത്തുകള്‍ താത്കാലികമായി സജ്ജമാക്കേണ്ടവയാണ്. 40 ക്രിട്ടിക്കല്‍ ബൂത്തുകളാണ് ജില്ലയിലുള്ളത്. 
ബൂത്തുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് വരണാധികാരികളുടെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുന്നു. റാമ്പുകള്‍, വൈദ്യുതി ലഭ്യത, കുടിവെള്ളം തുടങ്ങിയവ ഉറപ്പാക്കേണ്ടതുണ്ട്. ടോയ്ലറ്റ് സൗകര്യം കുറവുള്ള സ്ഥലങ്ങളില്‍ ശുചിത്വ മിഷന്‍റെ സഹകരണത്തോടെ ബയോ ടോയ്ലറ്റുകള്‍ ലഭ്യമാക്കും. എല്ലാ നിയോജക മണ്ഡലത്തിലും പൂര്‍ണമായും വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഓരോ ബൂത്തും അഞ്ചു വീതം മാതൃകാ ബൂത്തുകളുമാണ് സജ്ജീകരിക്കുക.


ബൂത്തുകളില്‍ മൂന്നു ക്യൂ

പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഇതിന പുറമെ ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമായി മൂന്നാമത് ഒരു ക്യൂകൂടി ഉണ്ടാകും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വോളണ്ടിയര്‍മാരുണ്ടാകും.


ആബ്സെന്‍റി വോട്ടേഴ്സിന് പ്രത്യേക ക്രമീകരണം

എണ്‍പതു വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിച്ചവര്‍, ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്താതെതന്നെ വോട്ടു ചെയ്യുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്.
ആബ്സെന്‍റി വോട്ടര്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്കു വേണ്ട സേവനങ്ങള്‍ക്കായി രണ്ടു  പോളിംഗ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട  സംഘങ്ങളെ നിയോഗിക്കും. 
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതല്‍ വിജ്ഞാപനം കഴിഞ്ഞ് അഞ്ചു ദിവസം പിന്നിടുന്നതുവരെ ബൂത്ത് തല ഓഫീസര്‍മാര്‍ മുഖേന ആബ്സെന്‍റി വോട്ടര്‍മാര്‍ക്ക് 12- ഡി ഫോറം വിതരണം ചെയ്ത് പൂരിപ്പിച്ചു വാങ്ങും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി കഴിഞ്ഞ് പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇവര്‍ക്ക് വിതരണം ചെയ്തു തുടങ്ങും.

തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഓരോ നിയോജക മണ്ഡലങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിശ്ചയിച്ചു നല്‍കുന്ന വേദികളില്‍ മാത്രമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ നടത്തുന്നതിന് അനുമതിയുള്ളത്. ഇതിനായി ആദ്യ ഘട്ടമെന്ന നിലയില്‍ 27 കേന്ദ്രങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് സുവിധ പോര്‍ട്ടല്‍ മുഖേന അപേക്ഷ നല്‍കണം. അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് അനുമതി നല്‍കുക.


നോഡല്‍ ഓഫീസര്‍മാര്‍

തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നിര്‍വഹണത്തിനായി വിവിധ ചുമതലകള്‍ നല്‍കി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആന്‍റി ഡിഫേസ്മെന്‍റ്, സ്റ്റാറ്റിക് സര്‍വ്വൈലന്‍സ്, വീഡിയോ സര്‍വ്വൈലന്‍സ് സ്ക്വാഡുകളും ഫ്ളൈയിംഗ് സ്ക്വാഡുകളും സജീവമായി രംഗത്തുണ്ടാകും.


സ്വീപ്

വോട്ടര്‍ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്‍റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ (സ്വീപ്പ്) പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നുവരുന്നു. ശാരീരിക പരിമിതികളെ നിശ്ചയദാര്‍ഢ്യം കൊണ്ട് അതിജീവിച്ച ഉരുളികുന്നം സ്വദേശി സുനീഷാണ് ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവരുടെ സ്വീപ് അംബാസഡര്‍.


എം.സി.എം.സി

മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസുകള്‍, അംഗീകാരമില്ലാത്ത പരസ്യങ്ങള്‍ തുടങ്ങിവ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി) രൂപീകരിച്ചിട്ടുണ്ട്. എം.സി.എം.സിയുടെ മാധ്യമ നിരീക്ഷണ വിഭാഗവും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്ക് എം.സി.എം.സിയുടെ അംഗീകാരം വാങ്ങേണ്ടതുണ്ട്.


കണ്‍ട്രോള്‍ റൂം


നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി കളക്ടറ്റേറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികളും  1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K