22 February, 2021 08:41:49 PM


വിദ്യാർഥികൾക്ക് കുറഞ്ഞ വിലയില്‍ ലാപ്ടോപ്; രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരം



തിരുവനന്തപുരം:   കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത തവണവ്യവസ്ഥയിൽ കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് നൽകാനുള്ള സംസ്ഥാന സർക്കാർ പദ്ധതിയായ വിദ്യാശ്രീയിൽ ഇതുവരെ 1.23 ലക്ഷം പേർ രജിസ്റ്റര്‍ ചെയ്തു. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യപദ്ധതിയിൽ ചേർന്ന് മൂന്നു മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതിയില്‍ ഇനിയും റജിസ്റ്റർ ചെയ്യാൻ അവസരം.


പ്രതിമാസം 500 രൂപ വീതം 30 തവണ കൊണ്ട് അവസാനിക്കുന്ന 15,000 രൂപ അടങ്കൽ തുകയുള്ള പദ്ധതിയാണിത്. ഒരു അയൽക്കൂട്ട അംഗത്തിന് ഒരു വിദ്യാശ്രീ അപേക്ഷ മാത്രമേ നൽകാൻ കഴിയൂ. തവണ സംഖ്യകൾ മുടക്കം കൂടാതെ അടയ്ക്കുന്ന അംഗങ്ങൾക്ക് ഇളവ് ലഭിക്കും. ഒന്നു മുതൽ 9 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് പത്താമത്തെ തവണ സംഖ്യയും ഒന്നു മുതൽ 19 വരെയുള്ള തവണസംഖ്യ മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് ഇരുപതാമത്തെ തവണ സംഖ്യയും ഒഴിവാക്കി കൊടുക്കും. പുതിയതായി ആരംഭിക്കുന്ന സമാനമായ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യ തവണ സംഖ്യയായി 500 രൂപ വരവ് വച്ച് കൊടുക്കും.


പദ്ധതിയിൽ ചേരുന്ന അയൽക്കൂട്ടങ്ങൾക്ക് ചിട്ടി അടവിന്റെ രണ്ടു ശതമാനം കമ്മിഷനായി നൽകും. ലാപ്ടോപ്പിനുള്ള വാങ്ങുന്നതിന് മുൻകൂർ പണം അനുവദിക്കാനുള്ള വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാലു ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. മുടക്കം വരുത്തുന്ന തിരിച്ചടവ് തുകയ്ക്ക് മേൽ 12 ശതമാനം പിഴപലിശ കെഎസ്എഫ്ഇ ഈടാക്കും.


30 മാസം കൊണ്ട് 15,000 രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 750 കമ്മിഷൻ കഴിച്ച് 14,250 രൂപയാണ് അംഗങ്ങൾക്ക് ലഭിക്കുക. തിരഞ്ഞെടുക്കുന്ന ലാപ്ടോപ്പിന് അധിക തുകയാകുമെങ്കിൽ അത് ഗുണഭോക്താവ് അടയ്ക്കണം. അധിക തുക പല തവണകളായിട്ടു വേണോ എന്നതു സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല. പട്ടികജാതി–പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ ലഭിക്കും. അർഹരായവർക്ക് പിന്നാക്ക–മുന്നാക്ക കോർപറേഷനുകൾക്ക് അവരുടെ ഫണ്ടിൽ നിന്ന് സബ്സിഡി നൽകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K