22 February, 2021 06:54:49 PM


ലോക്ഡൗണിൽ അടച്ച പബ്ബ് തുറന്നത് അയർലന്‍റിലെ ആദ്യ വന്യജീവി ആശുപത്രിയായി



ഡബ്ലിന്‍: ലോക്ക്ഡൗണിൽ അടച്ചുപൂട്ടിയ പബ്ബ് വീണ്ടും തുറന്നപ്പോൾ കണ്ടത് വന്യജീവികളേയും പക്ഷികളേയും. അയർലന്‍ഡിലെ കൗണ്ടി മീത്തിലുള്ള ടാര നാ റി പബ്ബിനാണ് വന്യജീവി ആശുപത്രിയായി രൂപമാറ്റം സംഭവിച്ചത്. അതും  ആദ്യ വൈൽഡ് ലൈഫ് ആശുപത്രി.  


പരിക്ക് പറ്റിയതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളെ സംരക്ഷിക്കുന്ന കേന്ദ്രമാണിപ്പോൾ പബ്ബ്. പരിക്കേറ്റ അരയന്നവും കുറുക്കനുമൊക്കെയാണ് പബ്ബിലെ പുതിയ താമസക്കാർ. പുതിയ അന്തേവാസികളുമായി ഏറെ അടുപ്പത്തിലായിക്കഴിഞ്ഞതായി ജീവനക്കാരനായ ജെയിംസ് മക്കാർത്തി പറയുന്നു. ഒരു ദശകത്തിലേറെയായി മക്കാർത്തിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലായിരുന്നു പബ്ബ്. ലോക്ക്ഡൗൺ കാലത്ത് ഇത് സർക്കാർ പിന്തുണയുള്ള അയർലന്‍ഡിലെ വന്യജീവി പനുരധിവാസ ഏജൻസിക്ക് നൽകുകയായിരുന്നു. 


പബ്ബിന്‍റെ മുൻവശത്ത് ആവശ്യക്കാർക്ക് കോഫി വിതരണ കേന്ദ്രവുമുണ്ട്. വെള്ളിയാഴ്ച്ചയാണ് ആശുപത്രി തുറന്നത്. എല്ലാ മൃഗങ്ങൾക്കും പരിചരണം നൽകുന്ന അയർലന്റിലെ ആദ്യ ആശുപത്രിയാണിത്. ഐറിഷ് സമൂഹത്തിൽ, പ്രത്യേകിച്ച് വിദൂര ഗ്രാമപ്രദേശങ്ങളിൽ പബ്ബുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2020 മാർച്ചിൽ ടാര നാ റി അടച്ചത് ജനങ്ങൾക്ക് കനത്ത നിരാശയുണ്ടാക്കിയിരുന്നു. കോവിഡ് 19 രൂക്ഷമായതിനെ തുടർന്ന് അയർലന്‍ഡിൽ മൂന്നാമത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനകം 4000 ൽ അധികം പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത് 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K