15 February, 2021 05:45:12 PM


മനം നിറഞ്ഞ് ജോര്‍ജ്; ബി.പി.എല്‍ കാര്‍ഡ് ലഭിച്ചതിന്‍റെ ആശ്വാസത്തില്‍ ഉഷ



കോട്ടയം: "അദാലത്തിൽ വന്നാല്‍ മന്ത്രിയെക്കണ്ട് പരാതി പറയാമെന്നു വിചാരിച്ചു. ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചില്ല.  വല്യ സന്തോഷമുണ്ട്" സാന്ത്വന സ്പര്‍ശം അദാലത്തിന്‍റെ തുടക്കത്തില്‍തന്നെ മന്ത്രിമാരായ പി. തിലോത്തമനും ഡോ. കെ.ടി ജലിലും വേദിയില്‍നിന്നിറങ്ങി തന്‍റെ അടുത്തെത്തി സഹായധനം നല്‍കിയതിന്‍റെ ആഹ്ളാദത്തിലാണ് കുറവിലങ്ങാട് കളത്തൂർ സ്വദേശി എൻ.ഡി ജോർജ്.


ഹൃദ്രോഗിയായ ഇദ്ദേഹത്തിന് രണ്ടു കാലുകള്‍ക്കും സ്വാധീനക്കുറവുമുണ്ട്. ഉദ്ഘാടനച്ചടങ്ങു കഴിഞ്ഞയുടന്‍ ജോര്‍ജിന്‍റെ അപേക്ഷയില്‍ ചികിത്സാ ധനസഹായമായി 25000 രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും മന്ത്രിമാര്‍ സദസിലെത്തി സഹായധനത്തിന്‍റെ രേഖ കൈമാറുകയുമായിരുന്നു. 


കൃഷിപ്പണിയായിരുന്നു ജോര്‍ജിന്‍റെ ഉപജീവനമാർഗം. എട്ടു വർഷം മുൻപ് ഹൃദ്രോഗം വന്നതിനുശേഷം പണി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.  നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് ഇരുകാലുകളും ശോഷിച്ചു തുടങ്ങി. രണ്ടു മക്കളിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നു.  ഭാര്യയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ട്. പ്രതിസന്ധികള്‍ക്കു നടുവില്‍ ലഭിച്ച ചികിത്സാ ധനസഹായം വലിയ ആശ്വാസമാണെന്ന് ഇദ്ദേഹം പറയുന്നു. 


എ.പി.എൽ കാർഡ് മാറി ബി.പി.എല്‍ കാര്‍ഡ് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് പാലാ ചക്കാംപുഴ സ്വദേശിനിയായ ഉഷ അദാലത്തില്‍നിന്നും മടങ്ങിയത്.  ഉഷയുടെ ഭർത്താവ് എട്ടു വർഷം മുൻപ് മരിച്ചു. വിദ്യാർഥികളായ മൂന്നു കുട്ടികളുണ്ട്. ഉഷ കൂലി വേലയെടുത്താണ് കുടുംബം പോറ്റുന്നത്. ബി.പി .എൽ കാർഡ് ഇല്ലാതിരുന്നതിനാല്‍ ചികിത്സാ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല.


വിധവാ പെൻഷനായി ലഭിക്കുന്ന തുകയാണ് ഏക ആശ്രയം. കോവിഡ് കാലത്ത് പൊതുവിതരണ വകുപ്പിന്‍റെ ഭക്ഷ്യ കിറ്റ് ലഭിച്ചതിനാൽ തനിക്കും മക്കള്‍ക്കും പട്ടിണിയില്ലാതെ കഴിയാനായെന്ന് ഇവര്‍ പറയുന്നു. സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിനു മുന്നോടിയായി നൽകിയ അപേക്ഷയിൽ ഉഷയുടെ ആവശ്യം മനസ്സിലാക്കി ജില്ലാ സപ്ലൈ ഓഫീസിൽ നിന്ന് അനുകൂല മറുപടി ലഭിക്കുകയും അദാലത്തിൽ വച്ച് മുൻഗണനാ കാർഡ് ലഭ്യമാക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K