14 February, 2021 10:46:44 PM


ഏറ്റുമാനൂരില്‍ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; തെറിച്ചുവീണ കുട്ടിയ്ക്ക് പരിക്ക്



ഏറ്റുമാനൂര്‍ : മകളോടൊപ്പം റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ ജോയിയുടെ ഭാര്യ  സാലി (46) ആണ് കാര്‍ തലയിലൂടെ കയറിയിറങ്ങി മരിച്ചത്. ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡില്‍ ചെറുവാണ്ടൂര്‍ പള്ളികവലയില്‍ ഇന്ന് വൈകിട്ട് 7.30 മണിയോടെയായിരുന്നു അപകടം.  


ജംഗ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പേരൂര്‍ ഭാഗത്തുനിന്ന് വന്ന മാരുതി കാര്‍ സാലിയെയും ആറ് വയസുള്ള ദത്തുപുത്രി ജുവലിനെയും ഇടിച്ചുതെറിപ്പിച്ചത്. ഒരാഴ്ചമുമ്പ് ദത്തെടുത്ത കുട്ടിയെ ബന്ധുവിനെ കാണിക്കാനായി കൊണ്ടുപോയ ശേഷം മടങ്ങുകയായിരുന്നു സാലി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ കുട്ടി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.


അപകടത്തെ തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് സാലി മരണമടഞ്ഞത്. അപകടത്തില്‍പെട്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവസ്ഥലത്ത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ അപകടദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K