14 February, 2021 10:10:48 AM


സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി; വര്‍ദ്ധനവ് ഈ മാസം തന്നെ എട്ടാം തവണ



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. ഡീസലിന് 34 രൂപയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. ഈ മാസം എട്ടാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.61 രൂപയും ഡീസലിന് 85 രൂപയുമായി ഉയർന്നു. 


സംസ്ഥാനത്ത് ഫെബ്രുവരി 12ാം തീയതിയാണ് ആദ്യമായി പെട്രോള്‍ വില 90 രൂപ കടന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. കോവിഡ് വാക്സിന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ്‍വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇത്. 83 ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ജൂൺ 6നാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചു തുടങ്ങിയത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലീറ്ററിന് 80 രൂപ കടന്നത്. 


അതേസമയം, രാജ്യത്തെ ഇന്ധന വില വ൪ധനവിനെ ന്യായീകരിച്ച് പെട്രോളിയം മന്ത്രി ധ൪മ്മേന്ദ്ര പ്രധാൻ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ 320 ദിവസങ്ങളിൽ 60 ദിവസം മാത്രമാണ് പെട്രോൾ വില കൂടിയതെന്നു൦ ഇറക്കുമതിയല്ലാതെ മറ്റ് മാ൪ഗമില്ലാത്തതിനാൽ വിലകൂട്ടുന്നത് അനിവാര്യമാണെന്നുമാണ് വാദം. കോവിഡ് കാലത്ത് രാജ്യത്തെ സാമ്പത്തിക മേഖല മുന്നോട്ട് പോകാൻ മറ്റ് മാ൪ഗങ്ങളില്ലെന്നു൦ മന്ത്രി വ്യക്തമാക്കി.


ഇന്ധനവില എണ്ണ കമ്പനികൾ  ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക്കുമതിയുടെ ഇൻഷുറൻസ് തുക, ഇറക്കുമതി ചെലവ്, കേന്ദ്രം ചുമത്തുന്ന എക്സൈസ് തീരുവ, വിപണന ചെലവ്, ഡീലർ കമ്മീഷൻ ഇവയെല്ലാം ചേർന്നാണ്.


ആഗോളതലത്തിൽ എണ്ണവിലയിൽ കുറവ് സംഭവിച്ചാലും രാജ്യത്ത് കുറയാറില്ല. എണ്ണവില കുറയ്ക്കാതെ എക്സൈസ് തീരുവ വർദ്ധിപ്പിക്കുകയാണ് കേന്ദ്ര നിലപാട്. ഇതാണ് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്ത് വിലക്കയറ്റത്തിന് ഇതാണ് പ്രധാനകാരണമാകുന്നത്. കേന്ദ്ര സർക്കാരിന് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 1.6 ലക്ഷം കോടി രൂപയാണ് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത്. കേരളത്തിൽ പെട്രോളിന്‍റെ വിൽപനനികുതി 30.8 ശതമാനവും ഡീസലിന്‍റെ വിൽപന നികുതി 22.76 ശതമാനവുമാണ്. കൂടാതെ അധിക വില്പന നികുതിയും ഒരു രൂപ സെസും ലഭിക്കും. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K