11 February, 2021 08:39:47 PM


പാപ്പിനിശ്ശേരി മേല്‍പ്പാലത്തില്‍ വിള്ളല്‍; വിജിലന്‍സ് പരിശോധന നടത്തി



കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ മേല്‍പ്പാലത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. കെ.എസ്.ടി.പി റോഡില്‍ നിര്‍മ്മിച്ച മേല്‍പ്പാലത്തിലാണ് പരിശോധന നടത്തിയത്. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലഭിച്ച പരാതിയിന്മേലാണ് പരിശോധന. പാലാരിവട്ടം പാലം നിര്‍മ്മിച്ച അതേ കരാര്‍ കമ്ബനി തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിര്‍മ്മിച്ചത്. വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റിനൊപ്പം വിജിലന്‍സിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും എഞ്ചിനീയറിംഗ് വിഭാഗവും വിദഗ്ധ സംഘവും പരിശോധനയില്‍ പങ്കെടുത്തു.


2014 ഓഗസ്റ്റില്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മ്മാണം 2017 ലാണ് പൂര്‍ത്തിയായത്. എന്നാല്‍ ഉദ്ഘാടനം ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് തന്നെ പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. പലയിടത്തും കുഴികള്‍ രൂപപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പാലം പണിയില്‍ വീഴ്ച നടന്നിട്ടുണ്ടെന്ന് പരാതി നല്‍കിയത്. നാട്ടുകാര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.


കഴിഞ്ഞയാഴ്ച നടത്തിയ പ്രാഥമിക പരിശോധനയില്‍ നിര്‍മ്മാണത്തില്‍ വീഴ്ച പറ്റിയതായി വിജിലന്‍സിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ സംഘത്തെ ഉള്‍പ്പെടുത്തി ഇന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി പാലത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ഹാമര്‍ ടെസ്റ്റും നടത്തി. പരിശോധനാ ഫലം വന്ന ശേഷം കേസെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K