10 February, 2021 07:34:11 PM


ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കും - ധനമന്ത്രി നിർമല സീതാരാമൻ



ദില്ലി: ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് ഉടൻ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിലാണ് നിർമല ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാർ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസികൾക്ക് മാത്രമാകും രാജ്യത്ത് ഇനി മുതൽ വിനിമയത്തിന് അനുമതിയുണ്ടാകുക.


'വിഷയം പഠിക്കാൻ ധനവകുപ്പ് സെക്രട്ടറിക്ക് കീഴിൽ മന്ത്രാലയതല ഉന്നത സമിതിക്ക് രൂപം നൽകിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാനാണ് സമിതി ശിപാർശ ചെയ്തിട്ടുള്ളത്' - മന്ത്രി വ്യക്തമാക്കി. നിരോധനക്കാര്യത്തിൽ എംപവേഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ യോഗം വൈകാതെ ചേരുമെന്ന് ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ആർബിഐ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ബില്ലും തയ്യാറാക്കി വരികയാണ്. ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും - അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രിപ്‌റ്റോ കറൻസി ഉപയോഗിച്ചുള്ള വിനിമയങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഈയിടെ സുപ്രിംകോടതി നീക്കിയിരുന്നു. ഇതോടെയാണ് നിരോധന ബിൽ കൊണ്ടുവരാൻ സർക്കാർ നീക്കം ആരംഭിച്ചത്. നിലവിൽ ആർബിഐ, സെബി തുടങ്ങിയ സാമ്പത്തിക റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്‌റ്റോ കറൻസി നിയന്ത്രിക്കാനുള്ള നിയമപരമായ ചട്ടക്കൂടുകളില്ല. രൂപയുടെ ഡിജിറ്റൽ പതിപ്പ് പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ഈ മാസമാദ്യം ആർബിഐ വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K