07 February, 2021 12:05:56 PM


വളർത്തുപൂച്ചകൾ കൂട്ടത്തോടെ ചത്തു; വീട്ടമ്മയുടെ പരാതിയിൽ അയൽവാസിക്കെതിരെ കേസ്



കോഴിക്കോട്: വളർത്തുപൂച്ചകൾ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ വീട്ടമ്മയുടെ പരാതിയിൽ അയൽവാസിക്കെതിരെ കേസ്. കോഴിക്കോട് മുണ്ടിക്കൽത്താഴം എടത്തില്‍ വീട്ടിൽ ഇ.കെ.ഹേനയുടെ പരാതിയിലാണ് അയൽവാസി തറ്റാംകൂട്ടിൽ സന്തോഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹേന ഓമനിച്ചു വളർത്തിയിരുന്നു അഞ്ച് പൂച്ചകൾ ഒന്നിന് പുറകെ ഒന്നായി ചത്തിരുന്നു.


അയൽവാസിയായ സന്തോഷിന്‍റെ വീട്ടിൽ നിന്നും തിരികെയെത്തിയ പൂച്ചകളാണ് ഒന്നിന് പുറകെ ഒന്നായി ചത്തത്. ഫെബ്രുവരി ഒന്നിനായിരുന്നു ആദ്യത്തെ പൂച്ച ചാകുന്നത്. അയൽക്കാരന്‍റെ മതില്‍ ചാടിക്കടന്നെത്തിയ പൂച്ച രാത്രിയോടെ മുറ്റത്ത് പിടഞ്ഞ് ചാവുകയായിരുന്നു. തൊട്ടടുത്ത ദിവങ്ങളിലായാണ് അടുത്തടുത്ത് ബാക്കി നാല് പൂച്ചകളും ചാകുന്നത്. അഞ്ചാമത്തെ പൂച്ച സന്തോഷിന്‍റെ വീട്ടിൽവച്ചാണ് ചത്തതെന്നും അതിനെ അവർ അവിടെത്തന്നെ കുഴിച്ചിട്ടുവെന്നും ഹേന പറയുന്നു.


സംശയം തോന്നിയ വീട്ടമ്മ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ സമീപിച്ചിരുന്നു ഇവിടെ വച്ചാണ് വിഷം ഉള്ളിൽച്ചെന്നാകാം പൂച്ചകൾ ചത്തതെന്ന സംശയം ഉയർന്നത്. പൂച്ചകളെയെല്ലാം കുഴിച്ചു മൂടിയതിനാൽ അവസാനം അടക്കം ചെയ്ത പൂച്ചയുടെ ജഡമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നാണ് എന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചിരിക്കുന്നത്.


പൂച്ചശല്യം കൂടുന്നുവെന്നും ഇത് തുടര്‍ന്നാല്‍ വിഷംകൊടുത്തു കൊല്ലുമെന്നും അയല്‍ക്കാരന്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. പരാതിയിൽ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് സന്തോഷിനെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്. അരുമയായി വളർത്തിയിരുന്ന പൂച്ചകളുടെ ദാരുണ മരണത്തിന്‍റെ സങ്കടത്തിലാണ് ഹേനയും മക്കളും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K