30 December, 2020 08:27:45 PM


ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച നഴ്സിന് ഒരാഴ്ചക്ക് ശേഷം കോവിഡ്



സാന്റിയാഗോ: ഫൈസര്‍ വാക്സിന്‍ സ്വീകരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിച്ച് ഒരാഴ്ചക്ക് ശേഷമാണ് കാലിഫോര്‍ണിയ സ്വദേശിയായ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഡിസംബര്‍ 18നാണ് കോവിഡിനെതിരെയുള്ള ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കൈത്തണ്ടക്ക് വേദനയെടുത്തതല്ലാതെ മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്മസിന് ശേഷമാണ് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായത്. പനി പിടിപെടുകയും, പിന്നീട് പേശിവേദനയും ക്ഷീണവും അനുഭവപ്പെടുകയുമായിരുന്നു.


ഇത്തരം കേസുകൾ പ്രതീക്ഷിച്ചതാണെന്ന് സാന്റിയാഗോയിലെ ഫാമിലി ഹെൽത്ത് സെന്ററിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യൻ റാമേഴ്സ് പറഞ്ഞു. "വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് മാത്യുവിന് രോഗം ബാധിച്ചിരിക്കാം, കാരണം ഇൻകുബേഷൻ കാലയളവ് രണ്ടാഴ്ചവരെയാകാം. കൂടാതെ, വാക്സിനിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് 10 മുതൽ 14 ദിവസം വരെ വേണ്ടിവരുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതാണ്''- വാക്സിന്‍ ക്ലിനിക്കൽ ഉപദേശക സമിതിയിൽ അംഗം കൂടിയായ റാമേഴ്സ് പറയുന്നു.


അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിസംബർ 11നാണ് ഫൈസർ ബയോൻടെക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ജർമൻ കമ്പനിയായ ബയോൻടെക്കിനൊപ്പം ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K