27 December, 2020 07:31:10 PM


ഓട്ടോറിക്ഷ ആശുപത്രി ഗേറ്റിൽ ഇടിച്ച് കമ്പി തലയിൽ തുളച്ച് കയറി യുവാവ് മരിച്ചു



ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആശുപത്രി ഗെയിറ്റിൽ ഇടിച്ച് കമ്പി തലയിൽ തുളച്ച് കയറി യുവാവ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം വേടൻപറമ്പിൽ തോമസിന്‍റ (മോനിച്ചൻ) മകൻ സെബാസ്റ്റ്യൻ തോമസ് (ബിജു- 44) ആണ് മരിച്ചത്. 


ശനിയാഴ്ച രാത്രി 11 മണിയോടെ ചങ്ങനാശേരി ഐ സി ഒ ജംഗ്ഷനിൽ ഉദയഗിരി ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്. ചന്ദനക്കുട ആഘോഷത്തിൽ പങ്കെടുത്ത ശേഷം തിരികെ തൃക്കൊടിത്താനത്തെ വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഉദയഗിരി ആശുപത്രിയുടെ ഗെയിറ്റിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ ബിജുവിന്റെ തലയിൽ കമ്പി കുത്തിക്കയറുകയായിരുന്നു.


ഗുരതരമായി പരിക്കേറ്റ ബിജുവിനെ ഉടൻ തന്നെ നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് ആദ്യം ഉദയഗിരി ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ ബിജു മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം വീട്ടിലെ ശുശ്രുഷക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം തൃക്കൊടിത്താനം സെന്‍റ് സേവ്യർ ഫെറോന ചർച്ച് സെമിത്തേരിയിൽ.


ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ വെറ്റില കച്ചവടം നടത്തിവരുകയായിരുന്നു ബിജു. മാതാവ്: ചിന്നമ്മ തോമസ്, ഭാര്യ: ജോൽസനാ സെബാസ്റ്റ്യൻ, മക്കൾ: സാൽവിൻ, സയൻ, സഹോദരി: ബിന്ദു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K