27 December, 2020 01:45:50 PM


താമര സ്റ്റാറ്റസാക്കി: സിപിഎം വനിതാനേതാവ് ബിജെപിയിലേക്കെന്ന് പ്രചരണം



ഏറ്റുമാനൂര്‍: മകള്‍ വരച്ച താമരയുടെ ചിത്രം വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കിയ സിപിഎം വനിതാ നേതാവ് ബിജെപിയില്‍ ചേരുന്നെന്ന് പ്രചരണം. ഏറ്റുമാനൂര്‍ ഏരിയാ കമ്മറ്റി അംഗവും കര്‍ഷകസംഘം സംസ്ഥാനനേതാവുമായ ഗീതാ ഉണ്ണികൃഷ്ണനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം വ്യാപകമാകുന്നത്.


കോട്ടയം ജില്ലാ ആശുപത്രിയില്‍ ഡോക്ടറായ മകള്‍ അശ്വതി വരച്ച താമരയുടെ ചിത്രം ഗീത തന്‍റെ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് ചിത്രമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ബിജെപിയിലേക്ക് ചേരുന്നുവെന്ന രീതിയില്‍ പ്രചാരണം ആരംഭിച്ചത്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗീതയ്ക്ക് സീറ്റ് നല്‍കുമെന്ന് പറഞ്ഞുവെങ്കിലും അവസാനനിമിഷം മറ്റൊരാളെ പരിഗണിച്ച സംഭവവും കൂടി ചേര്‍ത്താണ് പ്രചരണം. ഇതോടെ സംഭവം സത്യമായിരിക്കാമെന്ന് പാര്‍ട്ടി അണികള്‍ പോലും സംശയിച്ചു തുടങ്ങി.


എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ചു നില്‍ക്കുകയാണെന്നും ഗീതാ ഉണ്ണികൃഷ്ണന്‍ കൈരളി വാര്‍ത്തയോട് പ്രതികരിച്ചു. ഇന്ന് രാവിലെ നീണ്ടൂര്‍ രക്തസാക്ഷിദിനാചരണചടങ്ങില്‍ പങ്കെടുക്കവെയാണ് ഗീത വ്യാജപ്രചരണമാണിതെന്ന കാര്യം വ്യക്തമാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K