15 December, 2020 06:20:17 PM


തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണം: വോട്ടെണ്ണല്‍ നാളെ; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനം



കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 1512 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് നാളെയറിയാം. ഡിസംബര്‍ പത്തിന് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മുതല്‍ 17 കേന്ദ്രങ്ങളിലായി നടക്കും. ഇതിനു പുറമെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വിവിധ തലങ്ങളിലായി ആകെ 5432 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മത്സര രംഗത്ത് ഉണ്ടായിരുന്നത്.  ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകള്‍-146, ഗ്രാമപഞ്ചായത്തുകള്‍-1140, മുനിസിപ്പാലിറ്റികള്‍-204 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം. ജില്ലയില്‍ ആകെയുള്ള 1613627 വോട്ടര്‍മാരില്‍ 1193228 പേരാണ് ഈ തിരഞ്ഞെുടുപ്പില്‍ സമ്മതിദനാവകാശം വിനിയോഗിച്ചത്. 


വോട്ടെണ്ണലിന്‍റെ അന്തിമ ക്രമീകരണങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന വിവിധ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വിലയിരുത്തി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍ മേശകളും ഉദ്യോഗസ്ഥരുടെയും കൗണ്ടിംഗ് ഏജന്‍റുമാരുടെയും ഇരിപ്പിടങ്ങളും ക്രമീകരിക്കുക. 


വരണാധികാരികള്‍ക്കു പുറമെ  ഉപവരണാധികാരികള്‍, വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍,  സ്ഥാനാര്‍ഥികള്‍,സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാര്‍,  കൗണ്ടിംഗ് പാസ് ലഭിച്ച ഏജന്‍റുമാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍  കേന്ദ്രത്തില്‍  പ്രവേശനമുള്ളത്. വോട്ടെണ്ണലിലും  ആഹ്ളാദ പ്രകടനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു. 


കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ വോട്ടുകളും പ്രത്യേക തപാല്‍ വോട്ടുകളും എണ്ണുന്നത് 11 മേശകളില്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന നേതൃത്വം നല്‍കും. ഓരോ മേശയിലും കൗണ്ടിംഗ് സൂപ്പര്‍വൈസറും കൗണ്ടിംഗ് അസിസ്റ്റന്‍റുമാരുമാണ് വോട്ടുകള്‍ എണ്ണുക.


ഇതേസമയംതന്നെ മറ്റു പതിനേഴു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും  വരണാധികാരികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ തപാല്‍ വോട്ടുകളും പ്രത്യേക തപാല്‍ വോട്ടുകളും എണ്ണും. ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലെയും ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കളക്ടറേറ്റില്‍ ജില്ലാ കളക്ടറാണ് നിര്‍വഹിക്കുക.


വോട്ടെണ്ണല്‍ മേശകളുടെ ക്രമീകരണം ഇങ്ങനെ


ബ്ലോക്ക്തലത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കായി പ്രത്യേകം കൗണ്ടിംഗ് ഹാളുകളും സജ്ജീകരിച്ചിട്ടുണ്ട്. പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു വോട്ടെണ്ണല്‍ മേശ എന്ന രീതിയിലാണ് സജ്ജീകരണം. ഇത്തരത്തില്‍ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിന് ആനുപാതികമായി വോട്ടെണ്ണല്‍ മേശകള്‍ ഉണ്ടാകും. 


പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യം എണ്ണുക. ഓരോ തലത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതത് തലങ്ങളിലെ വരണാധികാരികളാണ്  എണ്ണുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലായിരിക്കും വോട്ടെണ്ണല്‍.  ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ വോട്ടെണ്ണല്‍ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും  നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റുമാകും  ഉണ്ടാവുക. ടാബുലേഷന്‍, പായ്ക്കിംഗ് എന്നിവയ്ക്കായി പ്രത്യേകം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.


ഫലപ്രഖ്യാപനം


വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഓരോ ഗ്രാമപഞ്ചായത്ത് വാര്‍ഡിലെയും ഫലപ്രഖ്യാപനം അതത് ഗ്രാമപഞ്ചായത്ത് വരണാധികാരി നടത്തും. വിവിധ ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ മേശകളില്‍നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകള്‍ പരിശോധിച്ച് ഓരോ ബ്ലോക്ക് ഡിവിഷനിലെയും വോട്ടുകള്‍ കണക്കാക്കി  ഫലപ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി നിര്‍വഹിക്കും. വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ഓരോ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ തിരഞ്ഞെടുപ്പ് ഫലം വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും പ്രഖ്യാപിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K