08 December, 2020 05:24:35 PM


വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍; കോട്ടയത്ത് 1613594 വോട്ടര്‍മാര്‍



കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മുനിസിപ്പല്‍ മേഖലയിലെ പോളിംഗ് ബൂത്തുകളില്‍ ഒന്നും പഞ്ചായത്ത് മേഖലകളില്‍ മൂന്നും ബാലറ്റ് യൂണിറ്റുകളാണ് ഉള്ളത്. മുനിസിപ്പല്‍ മേഖലയിലുള്ളവര്‍ക്ക് ഒരു വോട്ടു മാത്രം ചെയ്താല്‍ മതിയാകും. പഞ്ചായത്തു മേഖലകളിലുള്ളവര്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം. ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റ് യൂണിറ്റില്‍ വെള്ള നിറത്തിലുള്ള ലേബലാണ് പതിച്ചിരിക്കുന്നത്.  ബ്ലോക്ക് പഞ്ചായത്തിന്‍റെയും ജില്ലാ പഞ്ചായത്തിന്‍റെയും യഥാക്രമം  പിങ്ക് നിറത്തിലും  ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ്. 


ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലുമായി ആകെ 1512 നിയോജക മണ്ഡലങ്ങളിലായി(ജില്ലാ പഞ്ചായത്ത്-22, ബ്ലോക്ക് പഞ്ചായത്തുകള്‍-146, ഗ്രാമപഞ്ചായത്തുകള്‍-1140, മുനിസിപ്പാലിറ്റികള്‍-204) 5432 സ്ഥാനാര്‍ഥികളാണ്(ജില്ലാ പഞ്ചായത്ത് -89, ബ്ലോക്ക് പഞ്ചായത്തുകള്‍-491 ഗ്രാമപഞ്ചായത്തുകള്‍-4118, മുനിസിപ്പാലിറ്റികള്‍-734) ജില്ലയില്‍ മത്സര രംഗത്തുള്ളത്. ആകെ 1613594 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 833032 സ്ത്രീകളും 780551 പുരുഷന്‍മാരും മറ്റു വിഭാഗത്തില്‍പെടുന്ന 11 പേരുമുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ 1372533 ഉം മുനിസിപ്പാലിറ്റികളില്‍ 241061 ഉം വോട്ടര്‍മാരാണുള്ളത്. 


വോട്ട് രേഖപ്പെടുത്തുന്ന വിധം 


വോട്ടു ചെയ്യുന്നതിനായി പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ പരിശോധിക്കും. 


രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ കൈ വിരലില്‍ മഷി അടയാളമിട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ പതിപ്പിക്കും. 


തുടര്‍ന്ന് വോട്ടിംഗ് യന്ത്രത്തിന്‍റെ  കണ്‍ട്രോള്‍ യൂണിറ്റിന്‍റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസര്‍  സമ്മതിദായകന് വോട്ട് ചെയ്യാനായി കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റ് സജ്ജമാക്കും. 


രഹസ്യ സ്വഭാവം ഉറപ്പുവരുത്തി വോട്ടു ചെയ്യാനാകും വിധം മറച്ചു വെച്ചിരിക്കുന്ന ബാലറ്റ് യൂണിറ്റിന്‍റെ മുകളില്‍ പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞു നില്‍ക്കും.  


സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തിയാണ് വോട്ട് രേഖപ്പെടുപ്പെടുത്തേണ്ടത്. അപ്പോള്‍ സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് നേരെ ചുവന്ന ലൈറ്റ് തെളിയും. 


മൂന്ന് ബാലറ്റ് യൂണിറ്റിലും വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍  നീണ്ട ബീപ് ശബ്ദം കേള്‍ക്കുന്നതോടെ വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാകും. 


പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും കൈകള്‍ അണു വിമുക്തമാക്കുന്നതിന് സാനിറ്റൈസറുമായി പോളിംഗ് അസിസ്റ്റന്‍റുമാര്‍ പ്രവേശന കവാടത്തിനു സമീപമുണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K