04 December, 2020 09:12:52 AM


സൗദിയിലെ നാട് കടത്തല്‍ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങി



റിയാദ്: സൗദിയിലെ നാട് കടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഇരുന്നൂറ്റി അറുപത്തിയെട്ട് പേര്‍ കൂടി നാട്ടിലേക്ക് മടങ്ങി.റിയാദ് തര്‍ഹീലില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം റിയാദില്‍ നിന്നും ഡല്‍ഹിയിലേക്കാണ് യാത്രയായത്. ഈ ആഴ്ച ഇത് രണ്ടാമത്തെ സംഘമാണ് നാടണയുന്നത്. തിങ്കളാഴ്ച 290 പേരടങ്ങുന്ന മറ്റൊരു സംഘവും മടങ്ങിയിരുന്നു. ഇതോടെ കോവിഡിന് ശേഷം നാട്കടത്തല്‍ കേന്ദ്രം വഴി ഇന്ത്യയിലേക്ക് തിരിച്ചവരുടെ എണ്ണം മൂവായിരത്തി ഇരുന്നൂറ്റി മുപ്പത്തിയൊന്നായി. ഡല്‍ഹിയിലെത്തുന്ന ഇവരെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുക.


ഇതോടെ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി സര്‍ക്കാര്‍ നാട് കടത്തിയ ഇന്ത്യക്കാരുടെ എണ്ണം 3231 ആയി. താമസ രേഖ പുതുക്കാത്തവര്‍, ഹുറൂബ് അഥവാ ഒളിച്ചോടിയവര്‍, തൊഴില്‍ നിയമലംഘനം നടത്തിയവര്‍ എന്നിവരെയാണ് പിടികൂടി നാട്കടത്തല്‍ കേന്ദ്രം വഴി സ്വദേശങ്ങളിലേക്ക് മടക്കി അയക്കുന്നത്. ഇവര്‍ക്ക് നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച് സൗദിയിലേക്ക് മടങ്ങുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. നിയമ ലംഘകരെ കണ്ടെത്തുന്നതിന് സൗദി സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലംഘനം നടത്തിയവരെ പിടികൂടി നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ട് നാടുകടത്തുന്ന പ്രക്രിയയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. സൗദി സര്‍ക്കാറിന്റെ ചിലവില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്താണ് ഇവരെ സ്വദേശങ്ങളിലേക്ക് മടക്കി എത്തിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K