02 December, 2020 06:44:57 PM


ബാധ ഒഴിപ്പിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച്‌ ശരീരത്തില്‍ വച്ചു; 40കാരി ഗുരുതരാവസ്ഥയില്‍



ജയ്പൂര്‍: രാജസ്ഥാനില്‍ ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച്‌ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വച്ചതിനെ തുടര്‍ന്ന് 40 കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. സംഭവത്തില്‍ ബന്ധു ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ ക്ഷേത്രത്തില്‍ വച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്.


ക്ഷേത്രത്തില്‍ സന്തോഷി ദേവി എന്ന സ്ത്രീ 40കാരിയുടെ ശരീരത്തില്‍ ബാധ കയറിയതായി പറയുകയുണ്ടായി. ബാധ ഒഴിപ്പിക്കാന്‍ 1000 രൂപയുടെ പ്രത്യേക പൂജ നടത്താന്‍ സന്തോഷി ദേവി യുവതിയോട് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. ഇതിന് ശേഷം മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ യുവതിയെ ക്ഷേത്രത്തിന്‍റെ അകത്തേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഇരുമ്പ് പഴുപ്പിച്ച്‌ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വച്ചു എന്നാണ് പരാതി.


ക്രൂരമായ മര്‍ദ്ദനത്തിനും ഇരയായ സ്ത്രീ പിന്നാലെ ബോധരഹിതയായി വീഴുകയായിരുന്നു. ബാധ പിടിച്ചുകെട്ടി എന്ന് അവകാശവാദം ഉന്നയിച്ച സന്തോഷി ദേവി കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും ബന്ധുക്കളോട് പറഞ്ഞു. നടന്ന കാര്യങ്ങള്‍ ആരോടും പറയരുതെന്ന് കാട്ടി മന്ത്രവാദി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. നെറ്റിയില്‍ ഉള്‍പ്പെടെ യുവതിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേറ്റ പാടുണ്ട്. ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാരാണ് വിവരം പൊലീസിനെ അറിയിച്ചത്.



Share this News Now:
  • Google+
Like(s): 3.7K