22 November, 2020 06:52:42 PM


മയക്കുമരുന്ന് കേസില്‍ കൊമേഡിയന്‍ ഭാരതി സിംഗിന് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍


Bharti Singh


മുംബൈ: മയക്കുമരുന്ന് കേസില്‍ കൊമേഡിയന്‍ ഭാരതി സിംഗ് അറസ്റ്റിലായതിന് പിന്നാലെ അവരുടെ ഭര്‍ത്താവ് ഹര്‍ഷ് ലിംബാച്ചയും അറസ്റ്റില്‍. കഞ്ചാവ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച രാവിലെ ഹര്‍ഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരക്കഥാകൃത്തും നിര്‍മ്മാതാവുമായി ടെലിവിഷന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് ഹര്‍ഷ്.


15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് ഹര്‍ഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാരതി സിംഗിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഡിസംബര്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച ദമ്പതികളുടെ മുംബൈയിലെ വീട് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് ചെയ്തിരുന്നു. റെയ്ഡില്‍ 86.5 ഗ്രാം കഞ്ചാവ് കണ്ടെടുത്തുവെന്നാണ് എന്‍.സി.ബിയുടെ വെളിപ്പെടുത്തല്‍.


തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഇരുവരും സമ്മതിച്ചുവെന്നാണ് എന്‍.സി.ബി വാദം. ഒരു മയക്കുമരുന്ന് ഇടപാടുകാരനെ ചോദ്യം ചെയ്തപ്പോള്‍ ഭാരതി സിംഗിനെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ച് രഹസ്യവിവരം ലഭിക്കുകയായിരുന്നെന്നും എന്‍.സി.ബി പറയുന്നു.


ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചും മയക്കുമരുന്ന് ഉപയോഗിക്കുന്ന താരങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയത്. ദീപികാ പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെ ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിംഗിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി, സുശാന്തിന്റെ രണ്ട് ജീവനക്കാര്‍ എന്നിവരെയും എന്‍.സി.ബി മയക്കുമരുന്ന് ഇടപാട് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K