05 November, 2020 07:22:53 PM


ഏറ്റുമാനൂര്‍ നഗരസഭയിലെ ഫോട്ടോ ഷൂട്ട്: സെക്രട്ടറിയോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി




ഏറ്റുമാനൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തില്‍ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയോട് കോട്ടയം ജില്ലാ കളക്ടര്‍ വിശദീകരണം തേടി. തിങ്കളാഴ്ച നടന്ന നഗരസഭാ കൌണ്‍സിലിനുശേഷം ചെയര്‍മാനും 30 കൌണ്‍സിലര്‍മാരും സെക്രട്ടറിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗ്രൂപ്പ് ഫോട്ടോ എടുത്തത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത് സ്ഥിരം സമിതി അധ്യക്ഷയ്ക്ക് കോവിഡ് പോസിറ്റീവായതും ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട കൌണ്‍സിലര്‍മാര്‍ പുറത്തിറങ്ങിനടന്നതും കൈരളി വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും  സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടതും.


സാമൂഹികഅകലം പാലിക്കാതെയും മുഖാവരണം ഉപയോഗിക്കാതെയുമാണ് 32 പേരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കോവിഡ് പ്രോട്ടോക്കോളിന്‍റെയും പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളുടെയും ദുരന്തനിവാരണനിയമപ്രകാരം കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്ന് ബോധ്യപ്പെട്ടതായി ജില്ലാ കളക്ടര്‍ അ‍ഞ്ജന ചൂണ്ടികാട്ടുന്നു. ഓഫീസ് മേധാവി എന്ന നിലയില്‍ സെക്രട്ടറി കൂടി ഉള്‍പ്പെട്ട ഒരു സാഹചര്യം സൃഷ്ടിച്ചത് മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. ആയതിനാല്‍ നാളെ രാവിലെ 11 മണിക്ക് മുമ്പ് സംഭവത്തിലുള്ള വിശദീകരണം നല്‍കണമെന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. 


ഇതിനിടെ ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട കൌണ്‍സിലര്‍മാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇറങ്ങി നടക്കുന്നത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍  സെക്ടറല്‍ മജിസ്ട്രേറ്റുമാറുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് പരാതി ഉയര്‍ന്നു. ഈ സംഭവത്തിലും നടപടി ഉണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് വ്യാപനത്തിന് നഗരസഭാ കൌണ്‍സിലര്‍മാര്‍ തന്നെ കളമൊരുക്കുന്നത് തടയാനാകാതെ വിഷമവൃത്തത്തിലായിരിക്കുകയാണ് ഇതോടെ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍. ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട അംഗങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  ശ്രമിക്കുന്നവര്‍ വീടുകള്‍ കയറിയിറങ്ങുന്നതായും യോഗങ്ങളില്‍ പങ്കെടുക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.


Read: 'വേര്‍പിരിയലിന്‍റെ വേദനയില്‍' ഫോട്ടോ ഷൂട്ട്': മാനദണ്ഡങ്ങള്‍ കാറ്റില്‍ പറന്നു; ഒരാള്‍ക്ക് കോവിഡ്


Read: കോവിഡ് മാനദണ്ഡങ്ങള്‍ 'ഞങ്ങള്‍ക്ക്' ബാധകമല്ല; കണ്ണടച്ച് സെക്ടറല്‍ മജിസ്ട്രേറ്റുമാരും




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K