05 November, 2020 12:37:06 PM


കോവിഡ് മാനദണ്ഡങ്ങള്‍ 'ഞങ്ങള്‍ക്ക്' ബാധകമല്ല; കണ്ണടച്ച് സെക്ടറല്‍ മജിസ്ട്രേറ്റുമാരും



ഏറ്റുമാനൂര്‍: 'ഞങ്ങള്‍ എന്തുചെയ്യാനാ? നടപടിയെടുത്താല്‍ മുകളില്‍നിന്ന് വിളിവരും'. ഏറ്റുമാനൂര്‍ നഗരസഭയിലെ ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട കൌണ്‍സിലര്‍മാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നല്‍കിയ മറുപടിയാണിത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കൌണ്‍സിലര്‍മാര്‍ ഇറങ്ങിനടക്കുന്നത് നേരില്‍ കണ്ടിട്ടില്ല എന്നുമായിരുന്നു ഒരു സെക്ടറര്‍ മജിസ്ട്രേറ്റിന്‍റെ മറുപടി. കോവിഡ് വ്യാപനത്തിന് നഗരസഭാ കൌണ്‍സിലര്‍മാര്‍ തന്നെ കളമൊരുക്കുന്നത് തടയാനാകാതെ വിഷമവൃത്തത്തിലായിരിക്കുകയാണ് ഇതോടെ ഏറ്റുമാനൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍. 


കഴിഞ്ഞ ദിവസം നഗരസഭയില്‍ നടന്ന ഫോട്ടോ ഷൂട്ടില്‍ സെക്രട്ടറി ഉള്‍പ്പെടെ 32 പേരാണ് പങ്കെടുത്തത്. മണിക്കൂറുകളോളം നീണ്ട കൌണ്‍സില്‍ യോഗത്തിനുശേഷം ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്ത സ്ഥിരംസമിതി അധ്യക്ഷരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് എല്ലാവരോടും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതിരുന്ന കൌണ്‍സിലര്‍മാര്‍ തങ്ങളില്‍ 15 അംഗങ്ങള്‍ മാത്രം ക്വാറന്‍റീനില്‍ പ്രവേശിക്കുന്നു എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് കൈരളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുന്നതായി അറിയിച്ച അംഗങ്ങള്‍ ഉള്‍പ്പെടെ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ടത്.


കൌണ്‍സിലര്‍മാര്‍ നഗരസഭയില്‍ എത്തുന്നതും പൊതുജനങ്ങളുടെ ഇടയില്‍ ഇറങ്ങിനടക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നു എന്ന് കണ്ടെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നഗരസഭയുടെ ചുമതലയുള്ള നാല് സെക്ടറല്‍ മജിസ്ട്രേറ്റുമാരോടും വിവരം പറഞ്ഞതായാണ് അറിഞ്ഞത്. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥന്‍ വിവരം തങ്ങളുടെ ശ്രദ്ധയില്‍പെടുത്തിയതെന്നും സെക്ടറല്‍ മജിസ്ട്രേറ്റുമാരില്‍ ഒരാള്‍ പറഞ്ഞു. എന്നാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ല എന്ന രീതിയിലുള്ള ഇവരുടെ പ്രതികരണത്തോടെ ഇനിയെന്ത് എന്നറിയാതെ കുഴങ്ങുകയാണ് തങ്ങളെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു.


കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി നിയോഗിച്ചിരിക്കുന്ന സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് എവിടെയും ഏതുസമയത്തും ഓടിയെത്താന്‍ വാഹനവും മറ്റ് സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയില്‍ ഗ്രൂപ്പ് ഫോട്ടോ എടുത്തത് വാര്‍ത്തയിലൂടെ താന്‍ കണ്ടെന്ന് പറയുന്നുണ്ടെങ്കിലും വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റ് പറയുന്നില്ല. 


എന്നാല്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന യോഗത്തില്‍ ഈ കൌണ്‍സിലര്‍മാര്‍ പങ്കെടുക്കാനുള്ള സാധ്യതയും അധികൃതര്‍ തള്ളികളയുന്നില്ല. യോഗസ്ഥലത്തേക്ക് താന്‍ പോകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുമെന്നും യോഗം നടക്കുന്ന വാര്‍ഡിന്‍റെ ചുമതലയുള്ള സെക്ടറല്‍ മജിസ്ട്രേറ്റ് വെളിപ്പെടുത്തി.


ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇതാദ്യമായല്ല അംഗങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത്. കോവിഡ് രോഗിയുമായി അടുത്ത് ഇടപെട്ട നഗരസഭാ കൌണ്‍സിലര്‍ ക്വാറന്‍റീനില്‍ പ്രവേശിക്കാതെ സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ കറങ്ങിനടന്നതും അവസാനം കുടുംബസമേതം കോവിഡ് പോസീറ്റീവായി ചികിത്സയില്‍ കഴിഞ്ഞതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മാടപ്പാട് പ്രളയദുരിതാശ്വാസക്യാമ്പിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹവുമായി അടുത്ത് ഇടപെട്ടിരുന്ന വികസനകാര്യസ്ഥിരം സമിതി അധ്യക്ഷനോടും ചെയര്‍മാനോടും വരെ ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും അത് പാലിക്കാതെ നഗരസഭയില്‍ വന്നുപോയതും വാര്‍ത്തയായിരുന്നു.


കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ റിസള്‍ട്ട് വവരും വരെ പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിര്‍ദ്ദേശം മറികടന്ന് കൌണ്‍സില്‍ യോഗത്തിലും മറ്റ് പരിപാടികളിലും പങ്കെടുത്ത കൌണ്‍സിലര്‍മാരും ഏറ്റുമാനൂരിലുണ്ട്. രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടും നടപടിയെടുക്കാന്‍ മടിക്കുന്ന അധികൃതരുടെ പ്രവണത ഏറെ വിമര്‍ശിക്കപ്പെടുകയാണ്. പ്രായമായവര്‍ ഇറങ്ങിനടക്കുന്നതും സാമൂഹികഅകലം പാലിക്കാതെ ജനങ്ങള്‍ ഒത്തുചേരുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാതെ കച്ചവടക്കാരില്‍ മാത്രം ഊന്നല്‍നല്‍കി സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ വ്യാപാരിസംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K