05 November, 2020 08:41:19 AM


ജനപ്രതിനിധി സഭ: പ്രമീള ജയപാല്‍, രാജാ കൃഷ്ണമൂര്‍ത്തി, ഡോ. അമി ബെര, റോ ഖന്ന എന്നിവര്‍ സീറ്റ് നിലനിര്‍ത്തി



വാഷിങ്ടണ്‍: ജനപ്രതിനിധി സഭയില്‍ ഒരിക്കല്‍ക്കൂടി പ്രാതിനിധ്യമുറപ്പിച്ച് ''സമോസ കോക്കസ്''. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി ജനപ്രതിനിധി സഭയിലേക്കു മത്സരിച്ച പ്രമീള ജയപാല്‍, രാജാ കൃഷ്ണമൂര്‍ത്തി, ഡോ. അമി ബെര, റോ ഖന്ന എന്നിവര്‍ സീറ്റ് നിലനിര്‍ത്തി. അരിസോണയില്‍ ഇന്ത്യന്‍ വംശജയും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോ. ഹിരള്‍ വ്യാസ് ടിപിര്‍നേനി ജയത്തിനരികിലാണെന്നത് ഇന്ത്യക്കാരെ ആവേശം കൊള്ളിക്കുന്നു.


ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളുടെ അനൗദ്യോഗിക കൂട്ടായ്മയെന്ന അര്‍ഥത്തില്‍ രാജാ കൃഷ്ണമൂര്‍ത്തിയാണ് ''സമോസ കോക്കസ്''എന്ന പദപ്രയോഗത്തിന്റെ സ്രഷ്ടാവ്. വാഷിങ്ടണിലെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍നിന്ന് വന്‍ ജനപിന്തുണയോടെയാണു പ്രമീള ജയപാല്‍ ജയിച്ചുകയറിയത്. എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ക്രെയ്ഗ് കെല്ലറിനെയാണു പ്രമീള (55) കെട്ടുകെട്ടിച്ചത്. പോള്‍ ചെയ്തതില്‍ 85% വോട്ടും പ്രമീള സ്വന്തമാക്കിയപ്പോള്‍ കെല്ലറുടെ ജനസമ്മതി 15 ശതമാനത്തിലൊതുങ്ങി. യു.എസ്. ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന ഖ്യാതി സ്വന്തമാക്കിയാണ് അവര്‍ 2016-ല്‍ ആദ്യജയം കുറിച്ചത്.



ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രെസ്റ്റണ്‍ നെല്‍സണെ പിന്തള്ളിയാണ് രാജാ കൃഷ്ണമൂര്‍ത്തി വിജയം ആവര്‍ത്തിച്ചത്. അവസാന റിപ്പോര്‍ട്ടനുസരിച്ച് ആകെ എണ്ണിയ വോട്ടുകളില്‍ 71 ശതമാനവും നാല്‍പ്പത്തേഴുകാരനായ രാജാ കൃഷ്ണമൂര്‍ത്തിയുടെ അക്കൗണ്ടിലാണ്. ഒരിക്കല്‍ക്കൂടി ജനപ്രതിനിധി സഭയുടെ പടവേറാന്‍ യോഗ്യത നേടിയ റോ ഖന്ന (44)യുടേത് ഹാട്രിക് ജയമാണെന്നത് ഇരട്ടിമധുരമായി. ഇന്ത്യന്‍ വംശജനായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിതേഷ് ടണ്ടനെ(48) യാണു ഖന്ന തോല്‍പ്പിച്ചത്. കാലിഫോര്‍ണിയയിലെ 17-ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍നിന്ന് എതിരാളിയേക്കാള്‍ 50 ശതമാനത്തിലധികം പോയിന്റുകളുടെ വ്യത്യാസത്തിലാണു ഖന്നയുടെ ജയം.


തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് ഡോ. അമി ബേര(55) യു.എസ്. കോണ്‍ഗ്രസിലെ അധോസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. കാലിഫോര്‍ണിയയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍നിന്ന് താരതമ്യേന അനായാസമായിരുന്നു ബേരയുടെ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ബസ് പാറ്റേഴ്‌സണാ(65)യിരുന്നു എതിരാളി.


ടെക്‌സസിലെ 22-ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ ഡമോക്രാറ്റുകളെ പ്രതിനിധീകരിച്ച ശ്രീനിവാസ് റാവു പ്രസ്റ്റണ്‍ കുല്‍ക്കര്‍ണി എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രോയ് നേഹല്‍സുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

അവസാന റിപ്പോര്‍ട്ടനുസരിച്ച് കുല്‍ക്കര്‍ണി അഞ്ചു ശതമാനം പോയിന്റുകള്‍ മാത്രം പിന്നിലാണ്. അതേസമയം, വിര്‍ജീനിയയിലെ 11-ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ ഇന്ത്യന്‍ വംശജയായ മങ്ക അനന്തത്മൂല തോറ്റു. 72% വോട്ട് നേടി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഗെറി കൊണോളി ഇവിടെ വിജയിയായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ മങ്കയ്ക്ക് ആകെ പോള്‍ ചെയ്തതില്‍ 28 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K