04 November, 2020 02:10:00 PM


കോട്ടയം ജില്ലയില്‍ മൂന്ന് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് ശിലയിട്ടു; 17 കുടുംബങ്ങള്‍ക്ക് പട്ടയം



കോട്ടയം: നാലര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1,63,610 പട്ടയങ്ങള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 159 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണവും  അഞ്ചു സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനവും 6526 കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


കോട്ടയം ജില്ലയില്‍ പെരുമ്പായിക്കാട്, ചെങ്ങളം സൗത്ത്, ചെത്തിപ്പുഴ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണോദ്ഘാടനം ഇതോടനുബന്ധിച്ചു നടന്നു. 17 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിലാണ് വില്ലേജ് ഓഫീസുകളുടെ പശ്ചാത്തല സംവിധാനവും പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


റവന്യൂ _ ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് കോട്ടയം കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍   തോമസ് ചാഴികാടന്‍ എം.പി, , എം.എല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ.കെ. സുരേഷ്‌ കുറുപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ എം. അഞ്ജന, സബ്കളക്ടര്‍ രാജീവ് കുമാര്‍  ചൗധരി, എ.ഡി.എം അനില്‍ ഉമ്മന്‍, കോട്ടയം തഹസില്‍ദാര്‍ പി.ജി രാജേന്ദ്ര ബാബു  തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K