31 October, 2020 06:26:18 PM


വിഷരഹിത മത്സ്യവിപണ രംഗത്തേക്ക് കോട്ടയം ജില്ലയിലെ സഹകരണ ബാങ്കുകളും




കോട്ടയം: മത്സ്യഫെഡിന്‍റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ മത്സ്യ വിപണന രംഗത്തേക്ക് കടക്കുന്നു. കുടമാളൂര്‍ സര്‍വീസ് സഹകരണ ബാങ്കും  കുറിച്ചി സര്‍വ്വീസ് സഹകരണ ബാങ്കുമാണ് പച്ചമത്സ്യം ന്യായവിലയ്ക്ക് വില്‍ക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ ഹൈടെക് ഫ്രഷ് ഫിഷ് മാര്‍ട്ടുകള്‍ തുടങ്ങുന്നത്. ഹൈടെക് ഫിഷ് മാര്‍ട്ടുകളുടെ ഉദ്ഘാടനം നാളെ നടക്കും.


വില്‍പ്പനശാലകള്‍ക്കായി കെട്ടിട സൗകര്യം ഒരുക്കുന്നതും ജീവനക്കാരെ നിയോഗിക്കുന്നതും സഹകരണ ബാങ്കുകളാണ്. മത്സ്യഫെഡിന്റെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സ്റ്റാളുകള്‍ സജ്ജീകരിക്കുക. മത്സ്യം എത്തിച്ചുനല്‍കുന്നതിനു പുറമെ മത്സ്യഫെഡ് ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കും. രണ്ടു ബൂത്തുകളിലുമായി എട്ടു പേര്‍ക്ക് തൊഴില്‍ ലഭിക്കും  ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. 


പച്ചമത്സ്യത്തിനു പുറമെ മത്സ്യഫെഡിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും മാര്‍ട്ടുകളില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ നിയമസഭാ നിയോജകമണ്ഡലത്തിലും മത്സ്യബൂത്ത് പരിപാടിയുടെ ഭാഗായ വില്‍പ്പനശാലകളുടെ ഉദ്ഘാടനം നാളെ നടക്കും. കുടമാളൂരില്‍ രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍ അഡ്വ കെ.  സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. മത്സ്യ ഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍ എ വി.എന്‍ വാസവന്‍ ആദ്യ വില്‍പ്പന നടത്തും.    


കുറിച്ചി മന്ദിരം കവലയില്‍ കടായിത്തറ കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ഫിഷ് മാര്‍ട്ട് മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മത്സ്യ ഫെഡ് ചെയര്‍മാന്‍ പി.പി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എ.വി. റസല്‍ ആദ്യ വില്പന നിര്‍വ്വഹിക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം  6.30 വരെയാണ് ഫിഷ് മാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K