31 October, 2020 09:06:48 AM


പെണ്‍കെണി ഒരുക്കി കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി കൊല ചെയ്തു



കൊച്ചി; ഇന്‍ഫോപാര്‍ക്കിന് സമീപം കൊല്ലം സ്വദേശി ദിവ‌ാകരന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. വസ്തു തര്‍ക്കത്തെത്തുടര്‍ന്ന് ബന്ധു നല്‍കിയ ക്വട്ടേഷനിലാണ് കൊലപാതകം നടത്തിയത്. പെണ്‍കെണി ഒരുക്കി കൊല്ലത്തുനിന്ന് കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ നാല് പ്രതികള്‍ അറസ്റ്റിലായി.


കോട്ടയം പൊന്‍കുന്നം കായപ്പാക്കന്‍ വീട്ടില്‍ അനില്‍കുമാര്‍ (45), ഇയാളുടെ സുഹൃത്ത് കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയില്‍ ചരളയില്‍ വീട്ടില്‍ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കല്‍ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടില്‍ സഞ്ജയ് (23), രാജേഷിന്റെ പെണ്‍സുഹൃത്ത് കൊല്ലം കുമിള്‍ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്.


ദിവാകരന്‍ നായരുടെ സഹോദരന്റെ മരുമകളുടെ പിതാവാണ് അറസ്റ്റിലായ അനില്‍കുമാര്‍. ഇയാള്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയത്. നാട്ടിലെ കുടുംബസ്വത്തു പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദിവാകരന്‍ നായരും അനുജന്‍ മധുസൂദനന്‍ നായരും 15 വര്‍ഷമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മകനും മരുമകള്‍ക്കും പണത്തിന് അത്യാവശ്യമുണ്ടായപ്പോള്‍, തര്‍ക്കസ്ഥലം അളന്നു തിരിച്ചു വില്‍ക്കാനായി മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. എന്നാല്‍, ഇതിനെ ദിവാകരന്‍ നായര്‍ എതിര്‍ത്തു. തുടര്‍ന്നു മധുസൂദനന്റെ മരുമകളുടെ പിതാവ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം പൊന്‍കുന്നത്തു നിന്നെത്തി പ്രശ്നത്തില്‍ ഇടപെട്ടു.ഇത‌ു സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്നാണു ദിവാകരന്‍ നായരെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.


ഷാനിഫയുടെ സഹായത്തോടെ ദിവാകരന്‍ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കൊച്ചിയിലെത്തി ദിവാകരനെ പിന്തുടര്‍ന്നു. രാത്രി തൃക്കാക്കര ക്ഷേത്രത്തിനു സമീപംഓട്ടോയില്‍ വന്നിറങ്ങിയ അദ്ദേഹത്തെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയ സംഘം മര്‍ദിച്ചു കൊലപ്പെടുത്തി. രാത്രി വൈകി കരിമുകള്‍-ഇന്‍ഫോ പാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്തു കെഎസ്‌ഇബിയുടെ ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം ഉപേക്ഷിച്ചു പ്രതികള്‍ പൊന്‍കുന്നത്തേയ്ക്കു മടങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K