30 October, 2020 09:00:59 AM


മരം കൊണ്ടുള്ള നീളം കൂടിയ പായ്കപ്പല്‍; ദുബൈയിലെ 'ഉബൈദി'ന് ലോക റെക്കോഡ്



അബുദാബി: മരംകൊണ്ട് നിർമിച്ച ഏറ്റവും നീളം കൂടിയ അറബ് പായ്കപ്പലിന് വേൾഡ് ഗിന്നസ് റെക്കോഡ്. യു.എ.ഇയിലെ പരമ്പരാഗത പായ്കപ്പൽ നിർമാതാക്കളായ ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റാബ്ളിഷ്മെന്‍റാണ് ഈ നേട്ടം. മുന്നൂറ് അടി നീളവും 66 അടി വീതിയും ഉള്ളതാണ് ഉബൈദ് എന്നു പേരിട്ട ഈ പായ്കപ്പൽ. ദുബൈ ഡിപി വേൾഡിനടുത്ത ക്രീക്കിൽ നടന്ന ഗിന്നസ് വേൾഡ് റെക്കോർഡ്സ് പരിപാടിയിൽ കമ്പനി സി.ഇ.ഒ മാജിദ് ഉബൈദ് ജുമാ ബിൻ മാജിദ് അൽ ഫലാസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പിതാവിന്‍റെ നിലപാടിന്‍റെ ഫലമാണ് ഈ മികച്ച നേട്ടമെന്നും അദ്ദേഹം പറഞ്ഞു.


ദുബൈ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ റാഷിദ് താനി അൽ മത്റൂശി, ദുബൈ കസ്റ്റംസ് വിഭാഗം ഡയറക്ടർ ജനറൽ അഹമദ് മഹബൂബ് മുസബഹ് എന്നിവരും സന്നിഹിതരായിരുന്നു. 48 വർഷം മുമ്പ് സ്ഥാപിച്ച കമ്പനിയാണ് ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റ്ബ്ളിഷ്മെന്‍റ്. 300 ടൺ ഭാരമുള്ള കപ്പലുകളാണ് അൽ ഹംരിയയിലെ ഫാക്ടറിയിൽ കമ്പനി ആദ്യം നിർമിച്ചത്. പരമ്പരാഗത ബോട്ട് നിർമാണ മേഖലക്ക് ഊർജ്ജം പകരുന്ന പുരസ്കാരമാണിതെന്ന് മലയാളി സംഘാടകൻ മുഹമ്മദ് റഫീഖ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K