23 October, 2020 02:16:59 PM


ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി ഗജകേസരി മഞ്ഞക്കടമ്പിൽ വിനോദ് ഓർമ്മയായി



പാലാ: 26 വർഷം മുമ്പ് ചെങ്ങന്നൂരിൽ നിന്നും പാലായിലെത്തിയ മഞ്ഞക്കടമ്പിൽ വിനോദ് ഇന്നലെ രാത്രി 10.30ന്  ചരിഞ്ഞു. പരേതനായ മഞ്ഞക്കടമ്പിൽ ബെന്നിയാണ് ഇവനെ മഞ്ഞക്കടമ്പ് തറവാട്ടിൽ എത്തിച്ചത്. മഞ്ഞക്കടമ്പിൽ ഷാജിയുടെ സംരക്ഷണത്തിലായിരുന്നു. തൃശ്ശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെ തിടമ്പേറ്റിയിരുന്ന വിനോദ്  കിടങ്ങൂർ മഹാദേവക്ഷേത്രം, കാപ്പാട്ടൂർ മഹാദേവ ക്ഷേത്രം , ചെബ്ലാവ് മഹാദേവ ക്ഷേത്രം, കരൂർ ഭഗവതി ക്ഷേത്രം, പോണാട് കാവ്ഭഗവതി ക്ഷേത്രം, പയപ്പാർ ശ്രീധർമ്മാക്ഷേത്രം ഉൾപ്പെടെ മീനച്ചിൽ താലൂക്കിലെ ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു. 


പ്രശസ്ത കുറവിലങ്ങാട് മർത്താ മറിയം ഫൊറോനപള്ളിയിലെ ആനവായിൽ ചക്കര നേർച്ച ചടങ്ങിലെ എല്ലാവർഷത്തെയും നിറസാന്നിദ്ധ്യമായിരുന്നു വിനോദ്. 54 വയസുള്ള വിനോദ് പൊതുവേ ശാന്തശീലനായിരുന്നു. ഈയോബിന്‍റെ പുസ്തകം ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഈ മാസം ഒമ്പതാം തീയതി മുതൽ രോഗാവസ്ഥയിൽ ആയിരുന്ന ഇവന് വിദഗ്ധ ചികിത്സകൾ നല്കിയെങ്കിലും ഫലപ്രാപ്തി ഉണ്ടാകാതെ ആന പ്രേമികളെ ദുഃഖത്തിലാഴ്ത്തി വിനോദ് യാത്രയായി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K