23 October, 2020 01:50:22 PM


പ്രതിശ്രുത വരനെ പരീക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് കിട്ടിയത് 'എട്ടിന്‍റെ പണി'



ബീജിംഗ്: തന്‍റെ പ്രതിശ്രുത വരനായ കാമുകന്‍ എത്രത്തോളം ദയാലുവും വിശാല മനസ്കനുമാണെന്നറിയാന്‍ കാമുകി ഒരു പരീക്ഷണം നടത്തി. പക്ഷെ അത് കാമുകിക്ക് തന്നെ ഒരു പാരയായി. കിഴക്കൻ ചൈനീസ് പ്രവിശ്യയായ സെജിയാങിലെ ഒരു റസ്റ്റോറന്‍റിലാണ് സംഭവം. കാമുകന്‍റെ സല്‍ക്കാരം സ്വീകരിക്കാന്‍ കാമുകി എത്തിയത് തന്‍റെ 23 ബന്ധുക്കളുമായി. ബന്ധുക്കളുടെ പട കണ്ട് യുവാവ് അന്തം വിട്ടെങ്കിലും എല്ലാവരെയും സത്ക്കരിച്ച ശേഷം ഹോട്ടല്‍ നല്‍കിയ ബില്ല് നല്‍കാതെ മുങ്ങി. കാമുകന്‍ മുങ്ങിയെന്ന് മനസിലായ കാമുകിയും ബന്ധുക്കളും ചേര്‍ന്ന് അടച്ചുതീര്‍ത്തതാകട്ടെ 2.18 ലക്ഷം രൂപയുടെ ബില്ലും.


സിയാവു ലിയോ എന്ന യുവാവാണ് കാമുകിയെ സത്ക്കരിച്ച് എട്ടിന്‍റെ പണി കിട്ടുമെന്നുറപ്പായപ്പോള്‍ പതിയെ മുങ്ങിയത്. തന്നെ ഹോട്ടലില്‍ ഭക്ഷണത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ യുവതി തന്‍റെ കാമുകന്‍ ദയാലുവാണെന്ന് അറിയാനായി രഹസ്യമായി പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. ഭക്ഷണപ്രിയരായ ബന്ധുക്കള്‍ വില കൂടിയ ഭക്ഷണങ്ങളും വൈനും ഓര്‍ഡര്‍ ചെയ്ത് കാമുകന് വലിയൊരു ബില്‍ തുക സമ്മാനമായി നല്‍കി. എന്നാല്‍ ബില്ല് കണ്ട കാമുകന് കാര്യം മനസിലായി. ഇനിയും അവിടെ നിന്നാല്‍ വല്ല പാത്രമോ മറ്റോ കഴുകേണ്ടി വരുമെന്ന് മനസിലായ കാമുകന്‍ റസ്റ്റോറന്‍റിന്‍റെ പിറകുവശത്തുള്ള വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് ഒരു ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെ്യതു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K