18 October, 2020 10:07:06 PM


ബധിര മൂക പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്ന് വയലില്‍ തള്ളി



ബനാസ്‌കാന്ത്: ഗുജറാത്തില്‍ ബധിര മൂക പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ കഴുത്തറുത്ത നിലയിലാണ് പന്ത്രണ്ടുകാരിയുടെ മൃതദേഹം വയലില്‍ നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ അക്രമി വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം തെളിവു നശിപ്പിക്കാന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതുന്നു. പെണ്‍കുട്ടിയെ ബൈക്കില്‍ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. മഞ്ഞ ടി-ഷര്‍ട്ട് ധരിച്ച യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്.


സിസിടിവി ദൃശ്യത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് ബന്ധുവായ 24കാരനാണെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പോലീസ് കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഓഗസ്റ്റില്‍ ജാര്‍ഖണ്ഡിലും ഭിന്നശേഷിയുള്ള 13കാരിയെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയിരുന്നു. സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K