16 October, 2020 06:34:08 PM


2022 ആകാതെ യുവാക്കള്‍ക്ക് വാക്സിന്‍ ലഭ്യമാകില്ല; ആദ്യപരിഗണന പ്രായമായവര്‍ക്ക്




വാഷിംഗ്ടണ്‍: കോവിഡ്-19 വാക്സിന്‍ വന്നാലും യുവാക്കളിലേക്ക് അത് എത്താന്‍ വൈകുമെന്ന് വിദഗ്ധര്‍. രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രായമായവരാണ് ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത്. അതിനാല്‍ വാക്സിന്‍ നല്‍കുന്ന കാര്യത്തിലും പ്രായമായവര്‍ക്ക് ആദ്യം പരിഗണന നല്‍കാനാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധരംഗത്ത് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുമെന്നും പറയുന്നു. 2021ല്‍ വാക്സിന്‍ എത്തുമെങ്കിലും അത് ചെറിയ അളവില്‍ മാത്രമേ ലഭ്യമാകൂവെന്നും എല്ലാവരിലേക്കും വാക്സിന്‍ എത്താന്‍ ഏറെ സമയമെടുക്കുമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.


'വരുന്ന വര്‍ഷം ആദ്യം തന്നെ നമുക്ക് വാക്സിന്‍ ലഭിക്കുമെന്ന ചിന്തയിലാണ് മിക്കവരും ഇപ്പോഴുള്ളത്. അതോടുകൂടി പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്തരത്തിലൊന്നുമല്ല നടക്കാന്‍ പോകുന്നത്. വാക്സിന്‍ വിതരണ കാര്യത്തില്‍ പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ വരും. ഇവയനുസരിച്ച്‌ ആരോഗ്യമുള്ള പ്രായം കുറഞ്ഞ ആളുകള്‍ വാക്സിന്‍ ലഭിക്കാനായി 2022 വരെ കാത്തിരിക്കേണ്ടി വരും..'- ലോകാരോഗ്യ സംഘടന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K