16 October, 2020 05:39:42 PM


സുഭിക്ഷ കേരളം; തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 5000 കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യും



കോട്ടയം: സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 5000 കിണറുകള്‍ റീചാര്‍ജ് ചെയ്യും. പ്രാരംഭ ഘട്ടത്തില്‍ 200 കിണറുകളുടെ റീചാര്‍ജിംഗ് പൂര്‍ത്തീകരിച്ചു.
വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വ്യതിയാനമുണ്ടാകുകയും വേനല്‍ക്കാലത്ത് കിണറുകള്‍ വറ്റിപ്പോകുകയും ചെയ്യുന്ന സാഹചര്യത്തിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമീണ മേഖലയിലെ വീടുകളുടെ മേല്‍ക്കൂരകള്‍ മഴവെള്ള സംഭരണത്തിന് പ്രയോജനപ്പെടുത്തിയാണ് കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നത്. 


പഞ്ചായത്തിലെ ഒരു വാര്‍ഡ് ക്ലസ്റ്ററായി തിരഞ്ഞെടുത്ത് അര്‍ഹരായ എല്ലാവരുടെയും കിണറുകള്‍ റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്താനാകും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സില്‍ അംഗം പി.പി. സംഗീത ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.സി. കുര്യന്‍, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.എസ് ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K