11 October, 2020 08:29:22 PM


കുറുപ്പന്തറയില്‍ ലഹരിമരുന്നു വേട്ട: തെള്ളകം, ആര്‍പ്പൂക്കര സ്വദേശികള്‍ പിടിയില്‍



വൈക്കം: എംഡിഎംഎ വിഭാഗത്തില്‍പെട്ട മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ കടുത്തുരുത്തി റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോട്ടയം ആർപ്പുക്കര ഈസ്റ്റ് ഷാനു മൻസിൽ വീട്ടിൽ നസീർ കെ എം മകൻ ബാദുഷാ കെ നസീർ ( 28 ), അതിരമ്പുഴ തെളളകംവാമനപുരം വീട്ടിൽ ഷാഹുൽ മകൻ താഹിർ ഷാഹുൽ ( 25) എന്നിവരാണ് ലക്ഷങ്ങള്‍ വിലവരുന്ന 18.8 ഗ്രാം ലഹരിമരുന്നുമായി ഇന്ന് വൈകിട്ട് 3.20 മണിയോടെ പിടിയിലായത്. 



മാരുതി സെലേരിയോ കാറില്‍ കടത്തി കൊണ്ടുവരവെ കടുത്തുരുത്തി - കുറുപ്പന്തറ റോഡിൽ വർഷ ഇന്‍റർനാഷനൽ ഹോട്ടലിന്‍റെ വടക്കുവശത്ത് വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി എക്സൈസ് പട്രോളിംഗ് പാർട്ടിയെ കണ്ട് അതിവേഗം പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കവേ കാർ മൈൽ കുറ്റി തകർത്ത് ഓടയിൽ താഴുകയായിരുന്നു. കാറും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റേറ്റ് കോടതിയില്‍ ഹാജരാക്കി. 


കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ്.ബി ചിറയത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്‍റീവ് ആഫീസർമാരായ സാബു സി, ഹരീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ആഫീസർമാരായ തോമസ് ചെറിയാൻ, ആനന്ദരാജ്, തൻസീർ, പ്രമോദ്, അശോക് ബി നായർ, സിദ്ധാർത്ഥ്, വനിതാ സിവിൽ എക്സൈസ് ആഫീസർ മനീഷാ എന്നിവർ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K