11 October, 2020 12:40:28 AM


ശബരിമല തീര്‍ത്ഥാടനം ; കൊവിഡ് പ്രോ​ട്ടോക്കോള്‍ പാലിച്ച് ദര്‍ശനം നടത്താനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ



കോട്ടയം : തുലമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം തുറക്കാന്‍ പോകുകയാണ്. കൊവിഡ് രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ കൊവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത്. കൊവിഡ് പ്രോ​ട്ടോക്കോള്‍ പാലിച്ച് ശബരിമല തീത്ഥാടനം നടത്തുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ കോട്ടയം ജില്ലാ കളക്ടർ പുറത്തിറക്കി. കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.


എരുമേലി ഉൾപ്പെടെ ജില്ലയിലെ ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ഭക്തരെ തങ്ങാന്‍ അനുവദിക്കുന്നതല്ല. അഞ്ച് പേരിൽ അധികമുള്ള പേട്ടതുള്ളൽ, ഘോഷയാത്ര എന്നിവ നടത്താന്‍ പാടുള്ളതല്ല.. ഇതിനായി വേഷഭൂഷാദികൾ വാടകക്ക് എടുക്കാനും കൈമാറാനും പാടില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.


മണിമലയാർ, മീനച്ചിലാർ എന്നിവക്ക പുറമെ ഇവയുടെ കൈവഴികളിലുമുള്ള കുളിക്കടവിലും പൊതു ജല സ്രോതസ്സുകളിലും ഇറങ്ങുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. എരുമേലി വലിയ തോടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഷവറുകളിൽ കുളിക്കാൻ പാടുള്ളതല്ല. അന്നദാനം അത്യാവശ്യക്കാർക്ക് മാത്രമേ നല്‍കാന്‍ പാടുള്ളു. അന്നദാനം നല്‍കുന്നത് വാഴയിലയിലായിരിക്കണം. കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച നിർദ്ദേശങ്ങള്‍ വിവിധഭാഷകളിൽ തയ്യാറാക്കി നൽകാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.


ഏറെ വെല്ലുവിളികളോടെയാണ് മണ്ഡല, മകരവിളക്ക് കാലത്തെ തീർത്ഥാടനമെങ്കിലും ദർശനത്തിനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് പത്തനംതിട്ട ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും. മണ്ഡലകാലത്തിന് മുന്നോടിയായി തുലാമാസ പൂജയ്ക്ക് പ്രതിദിനം 250 പേരെ പ്രവേശിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K