09 October, 2020 05:59:53 PM


ശ്രീനാരായണഗുരു സർവകലശാല നിയമനം: 'സർക്കാർ ഈഴവരുടെ കണ്ണിൽ കുത്തി' - വെള്ളാപ്പള്ളി



കൊല്ലം: പുതുതായി സ്ഥാപിച്ച ശ്രീനാരായണ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍റെ വിമർശനം. സർവകലശാലാ തലപ്പത്ത് ഒരു ഈഴവ സമുദായാംഗത്തെ കൊണ്ടുവരാതെ സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നു വെള്ളാപ്പള്ളി പറഞ്ഞു.


അധികാര കേന്ദ്രങ്ങളിൽ നിന്ന് അധ:സ്ഥിതർ മാറ്റി നിറുത്തപ്പെടുകയാണ്. മലബാറിൽ നിന്നുള്ള പ്രവാസിയെ പിവിസിയാക്കുന്ന ജലീലിന്‍റെ ചേതോവികാരം അറിയാം. ഇതു മനസ്സിലാക്കാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ടതില്ല.  സർവകലാശാലകളുടെ തലപ്പത്തെ നിയമനങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചു. സർവകലാശാലാ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചടങ്ങിലേക്ക് എസ് എൻ ഡി പി യുടെ ഒരു പ്രതിനിധിയെപ്പോലും ക്ഷണിച്ചില്ല. എൻഎസ്എസിന്‍റെയോ ഒരു ക്രിസ്ത്യൻ സഭയുടെയോ ആചാര്യന്‍റെ പേരിലുള്ള സ്ഥാപനത്തിന്‍റെ തലപ്പത്ത് മറ്റൊരു സമുദയാംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.


'ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ. ജലീലിന്‍റെ വാശിക്കു സർക്കാര്‍ കീഴടങ്ങാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത്. ഈ തീരുമാനത്തോടു മന്ത്രിസഭയിലെ പല അംഗങ്ങൾക്കും ഇടതുപക്ഷ ചിന്താഗതിക്കാരായ മഹാഭൂരിപക്ഷത്തിനും അഭിപ്രായ വ്യത്യാസവും അമർഷവും ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.'- വെള്ളാപ്പള്ളി പറഞ്ഞു.


'നക്കാപ്പിച്ച വലിച്ചെറിഞ്ഞു കൊടുക്കുന്നതു പോലെ സർവകലാശാലയുടെ പ്രോ-വൈസ് ചാൻസിലർ പദവി ശ്രീനാരായണ സമൂഹത്തിനു വച്ചു നീട്ടി. വിസി കൈമാറുന്ന അധികാരങ്ങൾ മാത്രമേ പ്രോ-വിസിക്കുള്ളൂ. അധികാരത്തിന്‍റെ യഥാർഥ ഇരിപ്പിടത്തിൽ ശ്രീ നാരായണീയൻ ഇരിക്കാൻ പാടില്ലെന്നും അധികാരം പിന്നാേക്കക്കാർക്കു വേണ്ടെന്നും ആരോ നിശ്ചയിച്ച് ഉറപ്പിച്ചതു പോലെയായി കാര്യങ്ങൾ. പുത്തരിയിൽ കല്ലു കടിച്ചതിനു സർക്കാർ മറുപടി പറയണം'- വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.


'തലസ്ഥാനത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും സർവകലാശാല ഉദ്ഘാടനം ചെയ്തപ്പോഴും ആ ചടങ്ങുകളിൽ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു പ്രാതിനിധ്യം നൽകാതിരുന്നതും അങ്ങേയറ്റത്തെ തെറ്റായിപ്പോയി. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തിനു പ്രാതിനിധ്യം ഇല്ലാതെ ആ ചടങ്ങുകൾ നടത്തിയതു തന്നെ ഈ സർക്കാരിന്റെ ഇരട്ടത്താപ്പു നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേതെങ്കിലും മത-സമുദായങ്ങളുമായി ബന്ധപ്പെട്ട ചടങ്ങ് ആയിരുന്നെങ്കിൽ ആ വിഭാഗത്തിനു പ്രാതിനിധ്യം നൽകാതിരിക്കാൻ ധൈര്യം ഉണ്ടാകുമായിരുന്നോ? മതമേലധ്യക്ഷന്മാരെ ഭരണത്തിന്റെ തലപ്പത്തുള്ളവർ സ്വീകരിച്ച് ആനയിക്കുമായിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങൾ കാലങ്ങളായി നേരിടുന്ന ഇത്തരം അവഗണനകൾക്കെതിരെ ഇനിയെങ്കിലും ചോദ്യങ്ങള്‍ ശക്തമായി ഉയരണം'-  വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


സർവകലാശാല പി വി സി നിയമനവുമായി ബന്ധപ്പെട്ട നടപടി കോടതിയിലേക്കും നീങ്ങുകയാണ്. നേരത്തെ ഡിവൈഎഫ്ഐ  പ്രവർത്തകർ കൊല്ലപ്പെട്ടതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞ് ചതയ ദിനത്തിൽ പാർടി കരിദിനം ആചരിച്ചതിലും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചിരുന്നു.  നവോത്ഥാന സമിതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ മികച്ച പിന്തുണയാണ് വെള്ളാപ്പള്ളി സർക്കാരിന് നൽകിയിരുന്നത്. പുതിയ സാഹചര്യം ഇടതു സർക്കാർ - എസ് എൻ ഡി പി യോഗം ബന്ധം ഉലയുന്നതിന്‍റെ  സൂചനയെന്ന് വിലയിരുത്തന്നവരുമുണ്ട്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വരവോടെ ഇരുകൂട്ടരും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുമെന്ന് കരുതിയെങ്കിലും കാര്യങ്ങൾ പോകുന്നത് മറ്റൊരു വഴിക്കാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K