09 October, 2020 02:22:54 PM


കോവിഡൊന്നും ഈ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബാധകമല്ല; പക്ഷെ ആശങ്കയിലാണ് ജീവനക്കാര്‍



കോട്ടയം: കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴും ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ഓഫീസുകള്‍ തന്നെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ ലോക്ഡൌണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയും പിന്നീട് 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ വ്യാപനം രൂക്ഷമായപ്പോഴേക്കും സര്‍ക്കാര്‍ ഇളവുകള്‍ വര്‍ദ്ധിപ്പിച്ചു.  ഫലം സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില നൂറ് ശതമാനം വരെയെത്തി. പക്ഷെ സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ ജോലി ചെയ്യാനുള്ള ഒരു സൌകര്യങ്ങളും പല ഓഫീസുകളിലും അധികൃതര്‍ ക്രമീകരിച്ചില്ല. സ്വന്തം ഉത്തരവാദിത്വത്തില്‍ ഓഫീസിലെത്തി സേവനമനുഷ്ഠിക്കുന്ന ജീവനക്കാരാകട്ടെ ആശങ്കയുടെ നിഴലിലുമായി.


കോട്ടയം നഗരമധ്യത്തില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി ഓഫീസിലെ ജീവനക്കാര്‍ തങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഒരു കൈയുടെ അകലം പോലുമില്ലാതെ ചേര്‍ന്നുകിടക്കുന്ന കസേരകളിലിരുന്നാണ് ഇവിടെ 35ലധികം വരുന്ന ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്. പ്രശ്നങ്ങള്‍ ചൂണ്ടികാട്ടി മിനിസ്റ്റീരിയല്‍ സ്റ്റാഫ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് പരാതി നല്‍കി. പക്ഷെ നടപടികള്‍ ഒന്നും ഉണ്ടായില്ല എന്നാണ് ജീവനക്കാര്‍ പറയുന്നത്. കോവിഡ് മാത്രമല്ല ചിക്കന്‍പോക്സ് പോലുള്ള മാരകരോഗങ്ങളും പടര്‍ന്നുപിടിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു.


കൈകള്‍ ശുചീകരിക്കുന്നതിന് സോപ്പ്, സാനിറ്റൈസര്‍ തുടങ്ങിയ പ്രാഥമിക സംവിധാനങ്ങള്‍ പോലും ഈ ഓഫീസില്‍ ക്രമീകരിച്ചിട്ടില്ലത്രേ. മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ വന്നതിനാല്‍ സമീപത്തെ ഓഫീസുകള്‍ അടക്കേണ്ടി വന്ന അവസ്ഥ നേരില്‍ കണ്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് ആരോപണം. പൊതുജനങ്ങളും മറ്റ് ഓഫീസുകളില്‍നിന്നുള്ള ജീവനക്കാരും ഈ ഓഫീസില്‍ പ്രവേശിക്കുന്നതിന് കോവിഡ് മാനദ്ണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്നും ഈ ഫയലിംഗ് നടപ്പിലാക്കണമെന്നും തപാലുകള്‍ ഓണ്‍ലൈനാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു. 


സര്‍ക്കാര്‍ ജീവനക്കാരുടെയിടയില്‍ കോവിഡ് വ്യാപനം സംബന്ധിച്ച് പാലിക്കേണ്ട വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം എത്തിപ്പെടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജീവനക്കാരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ അവരുമായി പ്രാഥമികസമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ട കാര്യത്തില്‍ പോലും ഭിന്നാഭിപ്രായമാണ് നിലനില്‍ക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ അഭിപ്രായം തേടാതെ അല്ലെങ്കില്‍ അവരെ അറിയിക്കാതെ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുന്നുമുണ്ട് പലയിടത്തും. സര്‍ക്കാര്‍ ഓരോ ദിവസവും പ്രഖ്യാപിക്കുന്ന നിര്‍ദ്ദേശങ്ങളും ഇളവുകളും മറ്റും കൃത്യസമയത്ത് ഉത്തരവായി എത്താത്തതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K