08 October, 2020 01:30:59 PM


പൊരുതി നേടിയ പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മാണി സി കാപ്പന്‍



കോട്ടയം : രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മാണി സി. കാപ്പന്‍ എംഎല്‍എ. ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് പാലാ നിയമസഭാ സീറ്റില്‍ നിലപാട് വ്യക്തമാക്കി എന്‍സിപി രംഗത്തെത്തിയത്. ജോസ് കെ. മാണിയെ എല്‍ഡിഎഫിലെത്തിക്കാന്‍ പാലാ സീറ്റ് എന്‍സിപി വിട്ടുനല്‍കേണ്ടി വരും. എന്നാല്‍ പൊരുതി നേടിയ പാലായെ കൈവിടില്ലെന്നാണ് കാപ്പന്‍റെ നിലപാട്.


ജോസ് കെ. മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനു വഴിതെളിഞ്ഞതോടെയാണ് മാണി സി. കാപ്പന്‍ നിലപാട് കടുപ്പിക്കുന്നത്. പൂഞ്ഞാര്‍ സീറ്റ് എന്‍സിപിക്കു നല്‍കാനും ആലോചനയുണ്ട്. പൂഞ്ഞാര്‍ സീറ്റ് വാഗ്ദാനത്തില്‍ വഴങ്ങേണ്ടതില്ലെന്നാണു മാണി സി. കാപ്പന്‍റെ നിലപാട്. കാപ്പന്‍ ഇടഞ്ഞു നില്‍ക്കുന്നത് എല്‍ഡിഎഫിനു തലവേദനയാകും. ഉപതെരഞ്ഞെടുപ്പില്‍ കുട്ടനാട് സീറ്റ് തോമസ് കെ. തോമസിനു നല്‍കാന്‍ ധാരണയായിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K