01 October, 2020 05:23:46 PM


കോവിഡ് ചികിത്സ; പ്ലാസ്മ ലഭ്യത ഉറപ്പാക്കാന്‍ സുകൃതം 500 കര്‍മ്മ പദ്ധതികോട്ടയം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്ക് രക്ത പ്ലാസ്മയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി നൂറു ദിന കര്‍മ്മ പദ്ധതിക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേര്‍ന്ന് നടത്തുന്ന സുകൃതം 500 എന്ന പരിപാടിയിലൂടെ കോവിഡ് മുക്തരായ 500 പേരുടെ രക്ത പ്ലാസ്മ 100 ദിവസംകൊണ്ട് ശേഖരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.


ദേശീയ സന്നദ്ധ രക്തദാന ദിനമായ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ അഞ്ചു പേര്‍ പ്ലാസ്മ ദാനം ചെയ്തു. തുടര്‍ന്നുള്ള 99 ദിവസങ്ങളിലും അഞ്ചു പേരുടെ വീതം  പ്ലാസ്മ ഇവിടെ ശേഖരിക്കും.  രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആന്റിബോഡിയാണ് കോവിഡ് ചികിത്സയില്‍  ഉപയോഗിക്കുന്നത്. 
18നും 50നുമിടയില്‍ പ്രായമുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്. രോഗം ഭേദമായി കുറഞ്ഞത് നാലാഴ്ച്ചയെങ്കിലും കഴിഞ്ഞ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്ക്  ഒന്നോ അതിലധികമോ തവണ പ്ലാസ്മ നല്‍കാം. 


രക്തബാഗിലേക്ക് രക്തം ശേഖരിക്കുന്ന പതിവു രീതിയില്‍നിന്ന് വ്യത്യസ്തമായി രക്തം പ്ലാസ്മാ ഫെറേസിസ് മെഷീനിലേക്ക് കടത്തിവിട്ട് പ്ലാസ്മ മാത്രം ശേഖരിച്ചശേഷം മറ്റ് രക്തഘടങ്ങള്‍ ദാതാവിന്റെ ശരീരത്തിലേക്ക് തന്നെ തിരികെ നല്‍കുകയാണ് ചെയ്യുന്നത്. ഇതുവഴി കുറവു വരുന്ന പ്ലാസ്മ പരമാവധി രണ്ടു ദിവസത്തിനുള്ളില്‍ ശരീരത്തില്‍ പുനരുത്പാദിപ്പിക്കപ്പെടും. ഒരാളില്‍നിന്ന് ശേഖരിക്കുന്ന പ്ലാസ്മ രണ്ടു രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും. രണ്ടാഴ്ച്ചത്തെ ഇടവേളയില്‍ തുടര്‍ന്നും പ്ലാസ്മ ദാനം ചെയ്യാം. 


കോവിഡ് മുക്തരായി 28 ദിവസം കഴിഞ്ഞവരെയാണ് പ്ലാസ്മ ദാനത്തിന് പരിഗണിക്കുന്നത്. രോഗമുക്തിക്കുശേഷം നാലു മാസം പിന്നിടുന്നതുവരെ പ്ലാസ്മ ദാനം ചെയ്യാം. എം.ആര്‍.എഫ്, മിഡാസ്, പാരഗണ്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും പാലാ ബ്ല്ഡ ഫോറം, റെഡ് ഇസ് ബ്ലഡ് കേരള(ആര്‍.ഐ.ബി.കെ) തുടങ്ങിയ സന്നദ്ധ സംഘടനകളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. 


വ്യവസായ ശാലകളിലെ രോഗമുക്തി നേടിയ ആരോഗ്യവാന്‍മാരായ ജീവനക്കാരെ മാനേജ്മെന്റുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ബോധവത്കരിച്ച് അവരുടെ അനുമതി വാങ്ങിയശേഷമാണ് പരിപാടിയില്‍ പങ്കാളികളാക്കുന്നത്.  
കോവിഡ് മുക്തരായവരില്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറുള്ളവര്‍  9846133096 എന്ന നമ്പരില്‍ ബന്ധപ്പെടണം. നിലവില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പരിപാടിയില്‍ പങ്കാളികളാകുന്നതിന് താത്പര്യമുണ്ടെങ്കില്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുമ്പോള്‍തന്നെ ചികിത്സാ കേന്ദ്രത്തില്‍ സന്നദ്ധത അറിയിക്കാവുന്നതാണ്.


കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ്. സുമ, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ചിത്ര ജെയിംസ്,  ആര്‍.ഐ.ബി.കെ ജില്ലാ പ്രസിഡന്റ് വിശാഖ് വിജയന്‍, സെക്രട്ടറി റഹില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 939