16 September, 2020 07:57:36 PM


ഒന്നര കോടി രൂപ പിഴ; നാല് ലക്ഷം ബിപിഎല്‍ കാര്‍ഡുകള്‍ എപിഎല്‍ ആയി



കൊച്ചി: അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകളില്‍ നിന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഒന്നര കോടി രൂപ പിഴയീടാക്കി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ നിന്നാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്തരം നാല് ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാര്‍ഡുകളെ മുന്‍ഗണനാവിഭാഗത്തിലെ നീല, വെളള കാര്‍ഡുകളാക്കി.


സംസ്ഥാനത്ത് 88 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇവയില്‍ മഞ്ഞക്കാര്‍ഡിന് 35 കിലോ സൗജന്യമായും പിങ്ക് കാര്‍ഡിന് ആളൊന്നിന് നാലും കിലോ അരി വീതവും ഓരോ കിലോ ഗോതമ്പ് രണ്ടു രൂപയ്ക്കും, നീലക്കാര്‍ഡിന് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപയ്ക്കും വെള്ള കാര്‍ഡിന്ന് മൂന്ന്, അഞ്ച് കിലോവരെ അരി 10.90 രൂപയ്ക്കുമാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രതിമാസം അനുവദിക്കുന്നത്. 


സര്‍ക്കാര്‍ ജീവനക്കാര്‍, സ്വന്തമായി ഇരുനിലവീടുള്ളവര്‍, കാറുള്ളവര്‍ എന്നിവരെ ദാരിദ്ര്യ രേഖയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുടമകളുടെ പദവിയില്‍നിന്ന് മുന്‍ഗണന കാര്‍ഡുകളാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നും കാര്‍ഡുമാറ്റം നടത്താത്തവരെ കണ്ടെത്തിയാണ് സര്‍ക്കാര്‍ പിഴയിടാക്കിയത്. ഇതോടെ നിലവില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ലഭിച്ചവര്‍ക്കും ദാരിദ്ര്യരേഖയിലുള്ളവര്‍ക്കായുള്ള കാര്‍ഡ് മാറ്റത്തിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ടായതായും ചൂണ്ടിക്കാട്ടുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K