14 September, 2020 08:15:05 PM


"ഊഞ്ഞാല്‍": കോവിഡ് കാലത്തെ പഠനവിശകലനത്തിന് ഏറ്റുമാനൂരില്‍ തുടക്കം



ഏറ്റുമാനൂർ: കൊറോണാവ്യാപനം മൂലം സ്കൂളുകളിൽ അദ്ധ്യയനം തുടങ്ങാത്ത സാഹചര്യത്തിൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അറിവ് വിശകലനം ചെയ്യുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി ഏറ്റുമാനൂര്‍ നഗരസഭ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭയിൽ ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നത്. ''ഊഞ്ഞാൽ" എന്നാണ് പദ്ധതിയുടെ പേര്. നഗരസഭാ പരിധിയിലെ 13 സർക്കാർ, എയ്ഡഡ് സ്കളുകളിൽ പഠിക്കുന്ന രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.


പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കുട്ടികളിൽ ഗണിതം ഏതു രീതിയില്‍ സ്വാധീനിച്ചു എന്നത് കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. പ്രൈമറി തലം മുതൽ എസ്.എസ്.എൽ.സി വരെയുള്ള കുട്ടികൾക്ക് ഇതിൽ പങ്കാളികളാകാൻ അവസരം ഉണ്ട്. നന്നായി പ്രതികരിക്കുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും പ്രത്യേക പാരിതോഷികം നൽകി അനുമോദിക്കും. ഏറ്റുമാനൂർ റ്റി.റ്റി.ഐ ലെ അദ്ധ്യാപക കൂട്ടായ്മയുടെയും ഏറ്റുമാനൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സഹകരണത്തോടെ ബി.ആർ.സി വഴിയാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കുന്നത്.


വിദ്യാർത്ഥികൾക്കുള്ള വർക്ക് ഷീറ്റ് ബി.പി.ഒ ക്ക് കൈമാറി നഗരസഭാ ചെയർമാൻ ബിജു കുമ്പിക്കൻ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി തയ്യാറാക്കി സമർപ്പിച്ച റ്റി.റ്റി.ഐ അധ്യാപകൻ എസ്.ജയകുമാറിനെ യോഗത്തിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ ലൗലി ജോർജ്, റ്റി.റ്റി.ഐ പി.റ്റി.എ പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ അനിഷ് വി.നാഥ്, ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സ്‌ പ്രസിഡന്റ് എൻ.പി.തോമസ് ബി.പി.ഒ സാം പി.എബ്രഹാം, നിലകണ്ഠൻ നമ്പൂതിരി, ബിന്ദു കെ.പി, സുജ എം എന്നിവർ പ്രസംഗിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K