11 September, 2020 10:07:25 AM


ഒരു ദിവസം കഴിഞ്ഞിട്ടും കോവിഡ് രോഗികളെ വീട്ടില്‍നിന്നും മാറ്റാതെ ആരോഗ്യവകുപ്പ്



കോട്ടയം : കോവിഡ് സ്ഥിരീകരിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനാവാതെ  ആരോഗ്യവകുപ്പ്. ജില്ലയിൽ ഒട്ടേറെ രോഗികളാണ് കോവിഡ് പോസിറ്റീവ്  ആണെന്ന്  അറിഞ്ഞിട്ടും ഇതുപോലെ  വീട്ടിൽ  തുടരുന്നത്. ഏറ്റുമാനൂർ  നഗരസഭ 16-ആം വാർഡിൽ പേരൂർ  പായിക്കാട് ഭാഗത്തു താമസിക്കുന്ന  യുവാവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചതാണ്.  എന്നാൽ ഇതുവരെ  ഇയാളെ  കോവിഡ്  സെന്ററിലേക്ക് മാറ്റിയിട്ടില്ല.


ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന മിഡാസ് കമ്പനി ജീവനക്കാരനായ  യുവാവിന് ഇന്നലെ രാവിലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സന്ധ്യ കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കോവിഡ്  സെന്ററിലേക്ക്  മാറ്റാനുള്ള  നടപടികൾ ഉണ്ടാകാതെ വന്നതോടെ  വാർഡ് കൗൺസിലർ യദു കൃഷ്ണൻ കൊറോണ സെല്ലുമായി  ബന്ധപ്പെട്ടു. ഇനി  രാത്രിയിൽ  ഷിഫ്റ്റിംഗ്  ഇല്ല എന്ന മറുപടി ആണ് ലഭിച്ചത്. തൽക്കാലം വീട്ടിൽ തുടരാനും നിർദേശിച്ചു. 


കോവിഡ് സ്ഥിരീകരിക്കപെട്ടവരെ ആശുപത്രിയിലേക്ക്  മാറ്റാൻ ഇത്രയും സമയമെടുക്കുന്നത് നാട്ടുകാരിൽ  ആശങ്ക ഉളവാക്കുകയാണ്. രോഗികൾ കൂടുന്നതനുസരിച്ചു അനുബന്ധ സംവിധാനങ്ങൾ വർധിപ്പിക്കാത്തതാണ്  തിരിച്ചടിയാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K